“10 വർഷത്തിലേറെ ജയിലിൽ കിടന്ന്, അതും കൂടുതൽ കാലം വധശിക്ഷയുടെ നിഴലിൽ, ഒടുവിൽ നിഷ്കളങ്കനെന്ന് കണ്ടെത്തി ഒരാൾ കുറ്റവിമുക്തനാക്കപ്പെടുന്നു എന്ന വസ്തുതയോട് നമുക്ക് കണ്ണടയ്ക്കാൻ സാധിക്കുമോ?” – കുണ്ടറ ആലീസ് വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞ വാചകമാണിത്. ഗിരീഷ് കുമാറിനെ മോചിപ്പിച്ചതു കൊണ്ടു മാത്രം നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റ കളങ്കവും അയാൾഅനുഭവിച്ച മനുഷ്യാവകാശ ലംഘനവും മാറില്ലെന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വിധിച്ചു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ വർഗീസിന്റെ ഭാര്യ ആലീസിനെ (57) 2013 ജൂൺ 11ന് വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തെന്നും കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു എന്നുമുള്ള കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ (40) ഹൈക്കോടതി ബുധനാഴ്ച വെറുതെ വിട്ടത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടിയാണ്, ഒരു നിരപരാധിയെ 10വർഷത്തിലേറെ ജിയിലിലിട്ടതിനെ കോടതി വിമർശിച്ചത്.