കോളേജില്‍ ഓണാഘോഷത്തിനെത്തിയ പോളിടെക്നിക് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ ഹൈസ്‌കൂള്‍ വാര്‍ഡില്‍ ഈട്ടിവിള വീട്ടില്‍ ഷാജി-സീനത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നൗഫല്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓയൂര്‍ റോഡുവിള നജീം മന്‍സിലില്‍ നൗഫലി(19)നെ ഗുരുതരനിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പുനലൂര്‍ നെല്ലിപ്പള്ളിയിലെ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.
വ്യാഴാഴ്ച ഒമ്പതരയോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നെല്ലിപ്പള്ളിയിലെ ജലഅതോറിറ്റി പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെവന്ന ഓട്ടോറിക്ഷയിലിടിച്ച് മറിയുകയായിരുന്നു. തെറിച്ചുവീണ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു.
യാത്രാമധ്യേ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് മുഹമ്മദ് നൗഫലിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് നൗഫലിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നബിന്‍ സഹോദരനാണ്.