കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചരക്ക് കണ്ടെയ്‌നറുകളുമായി സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് എത്തി. എട്ടുമണിയോടെ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔട്ടർ ഏരിയയിലേക്ക് കപ്പൽ എത്തിച്ചേർന്നു. വാട്ടർസല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. ഒൻപതു മണിക്ക് ബെർത്തിങ് നടക്കും. വെള്ളിയാഴ്ച നടക്കുന്ന ട്രയൽ റണ്ണിൽ കപ്പലിൽനിന്ന് 1930 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കും.
110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. 300 മീറ്റർ നീളവും 48 മീറ്റർ ഉയരവുമുള്ള കപ്പലിന് 8000 മുതൽ 9000 ടിഇയു വരെ ശേഷിയുണ്ട്. ജൂൺ 22ന് ചൈനയിലെ ഹോങ്കോങ്ങിൽനിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് സാൻ ഫെർണാണ്ടൊ വിഴിഞ്ഞത്തേക്ക് എത്തിയത്. 12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടുന്ന കപ്പൽ പിറ്റേന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും.
വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യും മുൻപ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സർവ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദർഷിപ്പ് എത്തിക്കുന്നത്. 23 ക്രെയിനുകൾ കപ്പലിൽനിന്ന് കണ്ടെയ്‌നറുകൾ ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്റർ ഇത് നിയന്ത്രിക്കും. വിമാനത്താവളങ്ങളിലെ എയർട്രാഫിക് കൺട്രോളിന് സമാനമാണിത്. കപ്പൽ നങ്കൂരമിടുന്നതും കാർഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്. സാൻഫെർണാണ്ടോയിൽനിന്ന് ഇറക്കുന്ന കണ്ടെയ്‌നറുകൾ ചെറിയ ഫീഡർ കപ്പലുകളിലേക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവും