പൊഴിയൂരിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത് വന്ന സ്ത്രീയെ തള്ളിയിട്ട് ആക്രമിച്ചു ആറ് പവൻ്റെ മാല പൊട്ടിച്ച കേസിലെ മുഖ്യ പ്രതിയെയും അയാളുടെ കൂട്ടാളിയെയും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ഷാഡോ പോലീസ് പിടികൂടി.
ചിതറ, വളവുപച്ച, സൂര്യകുളത്ത് തടത്തരികത്ത് വീട്ടിൽ വീട് മുഹമ്മദ് ഷാൻ (24), ശ്രീകാര്യം, ചെക്കാല മുക്ക്,ഗാഫ്ഗിൽ, പുളിയറ കോണത്ത് വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന റിഷിൻ (24) എന്നിവരാണ് അറസ്റ്റിലായത്.
കളിയിക്കവിളയിൽ നിന്നും ഏപ്രിൽ 27ന് ഇവർ മോഷ്ടിച്ച യൂണികോൺ ബൈക്കും, മെയ് 1നു കൊട്ടാരക്കര മൈലത്ത് നിന്നും മോഷ്‌ടിച്ച എഫ് സി റെഡ് കളർ ബൈക്കും ഇവരിൽ നിന്നും കണ്ടെടുത്തു.
കൂടാതെ തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നായി ബുള്ളറ്റ്, പൾസർ ബൈക്കുകളും മോഷണം നടത്തി മാല പൊട്ടിച്ചു എന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട് . തമിഴ് നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതിന് ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. തമിഴ്‌നാട് പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പ്രതികളെ തിരഞ്ഞ് വരുകയായിരുന്നു .
പ്രതികൾക്ക് എതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉൾപ്പെടെ അമ്പതോളം കേസുകൾ നിലവിലുണ്ട്. മോഷ്‌ടിച്ച കാറുമായി പൊലീസിനെ ഇടിച്ച് തെറിപ്പിച്ചു പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിന് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസ് ഉണ്ട്. നേരത്തെ റിമാൻഡിൽ കഴിഞ്ഞ് വരവേ ജയിൽ ചാടിയതിനും മുഖ്യ പ്രതിയായ മുഹമ്മദ് ഷാനിനെതിരെ കേസ് ഉണ്ട്.
തമിഴ് നാട്ടിൽ ഇവരെ പോലീസ് തിരയുന്നത് അറിഞ്ഞ് തിരികെ ഇവർ കേരളത്തിലേക്ക് എത്തുകയായിരുന്നു . തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ഡാൻസാഫ് സംഘം സാഹസികമായി പ്രതികളെ കീഴടക്കിയത്.
സബ്ബ് ഇൻസ്പെക്‌ടർ മാരായ ബി. ദിലീപ്, ആർ. ബിജുകുമാർ ഷാഡോ ടീം അംഗങ്ങളായ അനൂപ്, രാജീവ്, റിയാസ്, ഗോപകുമാർ, സുനിൽ രാജ്,അഭിജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്