സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ കൂടുതലായി ചാര്‍ജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്കുശേഷം പ്രസരണ വിതരണ ട്രാന്‍സ്ഫോര്‍മറുകളുടെ ലോഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നതു കാരണം ലൈനില്‍ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോള്‍ട്ടേജില്‍ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.
രണ്ടാഴ്ച്ചയോളമായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലാണ്. വൈദ്യുതി ഉപയോഗത്തിലെ സര്‍വ്വകാല റെക്കോഡായ 10.77 കോടി യൂണിറ്റ് ഇക്കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയുണ്ടായി. ഇത്തരത്തില്‍ സകല പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും അതിലംഘിച്ചിരിക്കുന്ന വൈദ്യുതി ആവശ്യകത നമ്മുടെ പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചു എന്നതാണ് വസ്തുത. മുന്‍കാലങ്ങളില്‍ പീക്ക് ലോഡ് ആവശ്യകത വൈകീട്ട് 6 മുതല്‍ പത്തുമണി വരെയായിരുന്നുവെങ്കില്‍ ഇപ്പോഴത് രാത്രി 12 മണിയോളം ആയിട്ടുണ്ട്. ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കില്‍ വൈദ്യുതി വിതരണം തടസ്സരഹിതമായി നിര്‍വ്വഹിക്കാന്‍ കെ എസ് ഇ ബിക്ക് കഴിയും. നിലവിലെ സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാല്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസിലോ അതിനുമുകളിലോ ആക്കി നിലനിര്‍ത്താന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതില്‍ വൈദ്യുതി ലാഭിക്കാനുമാകും.
ഒന്നു മനസ്സുവച്ചാല്‍, പകല്‍ ചെയ്യാവുന്ന കുറെയേറെ പ്രവൃത്തികള്‍ വൈകീട്ട് 6 മുതല്‍ 11 വരെയുള്ള സമയത്ത് ഒഴിവാക്കാം. തുണികള്‍ കഴുകുന്നതും ഇസ്തിരിയിടുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകള്‍ അണയ്ക്കാം. ഓട്ടോമാറ്റിക് വാട്ടര്‍ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകല്‍ സമയത്ത് വെള്ളം പമ്പ് ചെയ്യുകയും ആവാം. വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും കഴിയുന്നിടത്തോളം ഈ സമയത്ത് ഒഴിവാക്കാം.
രാത്രികാലത്ത് നാമുപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ളതാണെന്ന വസ്തുതയും വിസ്മരിച്ചുകൂടാ. ഈ സമയത്ത് പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചുകൊണ്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് നമ്മുടെ സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തമാണ്. നിലവിലെ പ്രതികൂല സാഹചര്യം തിരിച്ചറിഞ്ഞ് മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.