ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കയ്പമംഗലം മൂന്നുപീടിക സ്വദേശിയിയിൽനിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടക്കൽ സ്വദേശി അബ്ദുൾ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീർ (29) എന്നിവരാണ് പിടിയിലായത്.

പ്ലക്സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ആപ്പ് വഴി സിനിമകൾക്ക് റിവ്യൂ എഴുതിനൽകിയാൽ വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കയ്പമംഗലം സ്വദേശിക്ക് ആദ്യം ചെറിയ പ്രതിഫലം കിട്ടിയെങ്കിലും പിന്നീട് ആപ്പ് വഴി ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപം നടത്തിയാൽ കൂടുതൽ തുക നേടാം എന്ന വാഗ്ദാനം ലഭിച്ചതോടെയാണ് പരാതിക്കാരൻ പല തവണയായി 46 ലക്ഷം നിക്ഷേപിച്ചത്. എന്നാൽ, പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

പല സ്ഥലങ്ങളിൽനിന്നായാണ് കയ്പമംഗലം സി.ഐ. ഷാജഹാൻ, എസ്.ഐ. സൂരജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. മറ്റുള്ളവരുടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ കണ്ടെത്തിയ ഇത്തരത്തിലുള്ള ചില അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.
