fbpx

കിളിമാനൂരിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കിളിമാനൂർ
മടവൂരിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.

പഴുവടി, പാറശ്ശേരി വീട്ടിൽ കെ.ഭവാനി (75)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശരീരത്തിലെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലാണ് അവശിഷ്ടം കണ്ടെത്തിയത്.

തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്.

ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്.

പുരയിടത്തിൽ നിന്ന് ശേഖരിച്ച വിറക് കെട്ടിവച്ച നിലയിൽ മൃതദ്ദേഹത്തിന് സമീപത്തുണ്ട്.

വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

തുടർന്ന് തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു.

വൃദ്ധ രണ്ടു ആൺമക്കളുടേയും വീടുകളിൽ മാറി മാറി താമസിക്കാറായിരുന്നു പതിവ്.

കാണാതാവുമ്പോൾ മൂത്ത മകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വീട്ടിൽ ഉണ്ടായിരുന്നില്ല.

ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയ മകൻ്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല.

എന്നാൽ ബുധനാഴ്ച ഇളയ മകൻ അമ്മയെ കാണാതെ സഹോദരൻ്റെ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്.

ബന്ധുവീടുകളിലും ഇല്ലെന്നറിഞ്ഞതോടെ സന്ധ്യയോടെ പള്ളിക്കൽ പോലീസിൽ വിവരമറിയിച്ചു.

വൃദ്ധയെ കാണാനില്ലെന്നറിഞ്ഞതോടെയാണ് സമീപവാസിയായ വീട്ടമ്മ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായുള്ള വിവരം പറഞ്ഞത്.

മൃതദേഹം കാണപ്പെട്ട പുരയിടത്തിലേക്കുള്ള വഴിയിൽ തോടിന് കുറുകേയുള്ള സ്ലാബിൽ പുല്ലരിയാനുള്ള കത്തിയുമായി ഇരിക്കുന്നതാണ് ഇവർ കണ്ടത്.

പുരയിടത്തിലെ റബ്ബർ മരം മുറിച്ചതിനാൽ അവിടെ അവശേഷിക്കുന്ന വിറകുകൾ ശേഖരിക്കാൻ പോകാനുള്ള സാധ്യത മനസിലാക്കിയ ബന്ധുവും അയൽവാസിയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

തുടർന്ന് പള്ളിക്കൽ പോലീസിൽ വിവരം അറിയിച്ചു. പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹാവശിഷ്ടങ്ങൾ പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം കാണപ്പെട്ട സ്ഥലത്ത് തെരുനായ്ക്കളുടെയും, കാട്ടുപന്നികളുടെയും വിഹാരകേന്ദ്രമാണ്. ഇവയിലേതോ കൂട്ടമായി നടത്തിയ ആക്രമണത്തിൽ ശരീരത്തിലെ മാംസഭാഗങ്ങൾ നഷ്ടപ്പെട്ടതിനാൽ അധികം ദുർഗന്ധമുണ്ടായില്ല.

മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി പകൽ സമയങ്ങളിൽ വീട്ടിലുണ്ടായിരുന്നില്ല

ഇതും സംഭവം പുറത്തറിയാൻ വൈകുന്നതിന് കാരണമായി. രാജു, അശോക് കുമാർ എന്നിവരാണ് മരിച്ച ഭവാനിയുടെ മക്കൾ
മരുമക്കൾ: ഗീത, ലീലാമണി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x