കടയ്ക്കൽ തച്ചോണത്ത് മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സുഹൃത്തിൻ്റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. തച്ചോണം സ്വദേശി 48 വയസുള്ള പ്രവീൺ കുമാറാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. തച്ചോണം പള്ളിക്ക് സമീപം പ്രവീൺ കുമാറിൻ്റെ ഫോണിൽ വീഡിയോ കോൾ വിളിക്കുകയായിരുന്നു യുവതിയുടെ ഭർത്താവ്.തൊട്ടടുത്ത് പ്രവീൺ കുമാറുമുണ്ടായിരുന്നു.
അതു വഴി സ്കൂട്ടറിലെത്തിയ യുവതി ഭർത്താവിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. കുടുംബ പ്രശ്നത്തിലുള്ള ഭർത്താവും ഭാര്യയും തമ്മിൽ വാക്കേറ്റമായി. തൻ്റെ ഫോണാണെന്നും തിരിച്ച് വേണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല.
അതിനിടയിൽ ഫോൺ വേണേൽ തന്നെത്താൻ വാങ്ങിക്കൊള്ളുവെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവ് വാഹനത്തിൽ കയറി മുങ്ങി.
യുവതിയും പ്രവീണുമായി ഫോണിനെ ചൊല്ലി തർക്കമായി. യുവതിയുടെ മുഖത്തടിച്ചെന്നും ഫോണിനായുളള പിടിവലിക്കിടെ വസ്ത്രം കീറിയെന്നുമാണ് കേസ്. പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ച് പരുക്കേൽപ്പിച്ചതിനും കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.