കഴിഞ്ഞ നവംബർ 14 ന് സൗദിയിലെ അൽഖസീമിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ചിതറ ഭജനമഠം പത്മ വിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത്ത് (42), ഭാര്യ കൊല്ലം മാന്തോപ്പിൽ പുരയിടം അക്ഷര നഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥന്റെ മകൾ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങളാണ് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുന്നത്.
ദീർഘകാലമായി അൽഖസീമിലെ ഉനൈസ എന്ന സ്ഥലത്ത് ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത്ത് സംഭവത്തിന് രണ്ട് മാസം മുമ്പാണ് സന്ദർശക വിസയിൽ പ്രിയയെ സൗദിയിൽ കൊണ്ടുപോയത്. സംഭവദിവസം രാവിലെ ശരത്ത് ജോലിക്ക് എത്താതിരുന്നതിനിടെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിനൊടുവിലാണ് താമസസ്ഥലത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണി മുറുകിയ നിലയിൽ പ്രീതിയെ നിലത്തും ശരത്തിനെ ജനാലയിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പൊലിസ് അന്വേഷണം പൂർത്തിയായതോടെയാണ് കനിവ് ജീവകാരുണ്യ കൂട്ടായ്‌മ ഭാരവാഹികൾക്ക് അധികൃതർ വിട്ടുനൽകിയത്.
സുഹൃത്തുക്കളോടൊത്ത് തലേന്ന് രാത്രി സമയം ചെലവിട്ട ഇരുവരും ഫ്ലാറ്റിലെത്തിയ ശേഷം വാക് തർക്കത്തിലേർപ്പെടുകയും പ്രീതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരത്ത് ആത്‍മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് വിവരം. നാല് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മക്കളില്ല. ‘കനിവ്’ രക്ഷാധികാരി ബി. ഹരിലാലിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. റിയാദിൽ നിന്ന് മുംബൈ വഴി വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കനിവ് ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയും പരേതരുടെ ബന്ധുക്കളും ഏറ്റുവാങ്ങി നോർക്ക റൂട്ട്സ് ആംബുലൻസുകളിൽ ഇരുവരുടെയും വീടുകളിൽ എത്തിക്കും.
തങ്ങളെ സംബന്ധിച്ച് തികച്ചും അപൂർവമായ കേസുകളിൽ ഒന്നായിരുന്നു ഇതെന്നും അതുകൊണ്ടാണ് കാലതാമസം നേരിട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി ‘കനിവ്’ ഭാരവാഹികൾ പറഞ്ഞു. ഇവരുടെ അഭ്യർഥനയെ തുടർന്ന് റിയാദ് ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിച്ചത്.