വിവാഹം സമൂഹത്തിൽ ധന്യമായ കൂടിച്ചേരലായി കണക്കാക്കപ്പെടുമ്പോൾ, അവിടെ പല ജീവിതങ്ങളും കണക്ക് പറഞ്ഞു വില്പന നടത്തുന്നത് പോലെയാണ്.
വിവാഹം എന്ന് പറയുന്നത് രണ്ട് വ്യക്തികളുടെ കൂടിച്ചേരലുകൾ മാത്രമല്ല,
രണ്ട് കുടുംബം, വിശ്വാസം,പൈതൃകം, ഭാഷ, സംസ്‍കാരം തുടങ്ങിയവയുടെ സംയോജനം കൂടിയാണ്. നിനക്ക് ഞാനും എനിക്ക് നീയും എന്ന മനോഹരമായ ചിന്തകളിൽ ജീവിതം ആരംഭിക്കുന്നതിനു മുമ്പേ പറഞ്ഞുറപ്പിക്കുന്നു.
സ്ത്രീധനം എന്ന പൈശാചിക ആചാരം.
ഒരുമിച്ച് ജീവിക്കാൻ ഒരാണും പെണ്ണും തീരുമാനിക്കുമ്പോൾ പെണ്ണിന് നൽകുന്ന സ്ത്രീധനം വിവാഹ സമ്മാനമായി അവളുടെ മുമ്പോട്ടുള്ള ജീവിതത്തിനുള്ള മുതൽക്കൂട്ടായി കണക്കാക്കപെടേണ്ടതാണ്.
ജീവിതകാലം മുഴുവൻ സുഖവും ദുഃഖവും പങ്കുവയ്ക്കേണ്ടവരിൽ, ഭാര്യയെ ഭർത്താവ് പരിപാലിക്കുന്നതിനുള്ള കൂലി ആയിട്ടാണ് സ്ത്രീധനത്തെ ഇന്ന് പലയിടത്തും വ്യാഖ്യാനിക്കപ്പെടുന്നത്.
അളവും തൂക്കവും കുറഞ്ഞാൽ അവിടെ പെണ്ണിന്റെ മാറ്റിനും കുറവ് സംഭവിക്കും. അവളോടൊപ്പം പങ്കുവയ്ക്കേണ്ട സുഖത്തിനും ദുഃഖത്തിനും, പങ്കുവയ്ക്കുന്ന രതിസുഖത്തിനു പോലും നൽകുന്ന വിലയായി സ്ത്രീധനം മാറികഴിഞ്ഞിരിക്കുന്നു.
‘ഭാര്യ’ അവൾ പണം ഉള്ളതുകൊണ്ട് സ്നേഹിക്കപ്പെടേണ്ടവൾ എന്ന ആൺമേധാവിത്വത്തിന്റെ തിരിച്ചറിവ് മാറി തുടങ്ങിയാൽ എങ്കിലും നീചമായ ഈ സമ്പ്രദായം മാറും എന്ന് പ്രതീക്ഷിക്കുന്നു.
ഒരു പരിധിവരെ സ്ത്രീകൾ കൂടി ഈ സമ്പ്രദായത്തിൽ കൂടെ നിൽക്കുന്നു. ഞാൻ ആവശ്യപ്പെടുന്നത് എനിക്ക് നൽകണമെന്നും അതുമൂലം എനിക്ക് ആ കുടുംബത്തിൽ നിലയും വിലയും ഉണ്ടാകുമെന്നും പെൺകുട്ടികൾ കരുതുന്നു.
എന്തുകൊണ്ട് ഇതേ പെൺകുട്ടികൾക്ക് “എനിക്ക് ഉന്നത വിദ്യാഭ്യാസം നൽകണമെന്നും, എനിക്കൊരു സ്ഥിരം വരുമാനം വേണമെന്നും ചിന്തിക്കുകയും ആവശ്യപ്പെടുകയും ചെയ്തുകൂടാ “, ആൺ മേധാവിത്വത്തിനോടൊപ്പം പെൺമനസ്സിലെ ചിന്തകൾ കൂടി മാറിയാൽ ഒരു പരിധിവരെ നീചമായ സമ്പ്രദായത്തെ അകറ്റി മാറ്റാൻ കഴിയും.
ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കളോട് തുറന്നു പറയുവാൻ പെൺകുട്ടികൾ മടിക്കുന്നുണ്ട്.
രംഗബോധമില്ലാതെ കോമാളിയായി ജീവിതം ഇവിടെ വരെ ഉള്ളൂ എന്ന് ചിന്തിക്കുന്ന പെൺകുട്ടികളോട്, ഇത് ഒന്നുമാത്രമല്ല ജീവിതത്തിന്റെ അവസാനം.
പെൺമക്കളുള്ള മാതാപിതാക്കൾ, ‘ മകൾ വില്പനയ്ക്ക് ‘ എന്ന ബോർഡ് പൂക്കുന്ന കാലം വിദൂരമല്ല. സ്ത്രീധനം അത് ഒരാൾ മാത്രം വിചാരിച്ചാൽ കശക്കി മാറ്റാൻ കഴിയുന്ന പൈശാചിക ശക്തിയല്ല, ഒരുമിച്ച് ചിന്തിച്ച് ആലോചിച്ച് മക്കളാണോ അതോ തൂക്കത്തിനും പണത്തിനും മീതെ പറക്കുന്ന ചിന്താഗതികൾ ആണോ വലുത് എന്ന് സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു.
പറഞ്ഞവസാനിപ്പിക്കുന്നതെങ്ങനെ പെൺകുട്ടികളും ആൺകുട്ടികളും മാതാപിതാക്കൾക്ക് ഭാരമല്ല മറിച്ച് തങ്ങളുടെ അഭിമാനമാണെന്ന് പറയാൻ പറ്റുന്ന സമൂഹമായി മാറുക.
എം എസ് രാജലക്ഷ്മി