മണ്ഡലത്തിലെ പൊതു മരാമത്ത് റോഡുകൾ ബി.എം&ബി.സി ആധുനിക നിലവാരത്തിൽ നവീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ 2023-24, 2024-25 ബഡ്ജറ്റിൽ നിന്നും രണ്ട് കോടി രൂപ ചിലവിൽ നവീകരിക്കുന്ന പട്ടാണിമുക്ക്-വയ്യാനം-ഇളമ്പഴന്നൂർ റോഡിൻ്റെ രണ്ടാം ഘട്ട നിർമാണോദ്ഘാടനം വയ്യാനത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചിലവിൽ ഒന്നാം ഘട്ട നിർമാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
മൂന്നാം ഘട്ടത്തിൽ ഇളമ്പഴന്നൂർ വരെ റോഡ് നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.ഓമനക്കുട്ടൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം റ്റി.സി.പ്രദീപ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം എ.നൗഷാദ്, ജന പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.