കടയ്ക്കൽ :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ക്ഷീര വികസന -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി .തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 28 മത് പ്രതിഭോ ത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മെച്ചപ്പെട്ട നിലവാരമാണ് പുലർത്തുന്നത്. കൂടുതൽ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. എന്നാൽ കുട്ടികൾക്കിടയിൽ വിദേശ പഠനം എന്ന ട്രെൻഡ് രൂപപ്പെട്ട് വരികയാണ്. പല രക്ഷിതാക്കളും കിടപ്പാടം വിറ്റും, പണയപ്പെടുത്തിയു മാണ് കുട്ടികളെ വിദേശ പഠനത്തിന് അയയ്ക്കുന്നത്. പല കുട്ടികളുടെയും വിദേശ ജീവിതം ദുരിതപൂർണ്ണ മാണ്. രാത്രി മുഴുവൻ റസ്റ്റോറന്റ്കളിലും മറ്റും പണിയെടുത്താണ് പഠന ചിലവ് കണ്ടെത്തുന്നത്. വിദേശ പഠനത്തിലെ ഇടനിലക്കാരായ ഏജൻസികളുടെ തട്ടിപ്പും നിരവധിയാണ്. ഈ സാഹചര്യം ബോധ്യപ്പെട്ട് കേരളത്തിലെ പഠനാ വസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാർഥികളും, രക്ഷിതാക്കളും തയ്യാറാകേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ അധ്യക്ഷത വഹിച്ചു.വിവിധ വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ വിതരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അമൃത, കൊല്ലായിൽ സുരേഷ്, ബി ഗിരിജമ്മ,ജി ദിനേശ് കുമാർ, ബി എസ് ബീന, ബി ശിവദാസൻപിള്ള,ആർ കെ ശശിധരൻപിള്ള,പി ജി ഹരിലാൽ, ബി മുരളീധരൻപിള്ള,എസ് ആർ ബിനോജ്, ജി എസ് പ്രിജിലാൽ എന്നിവർ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ബി ആർ അജിരാജ് സ്വാഗതവും സെക്രട്ടറി അനിത എസ് നായർ നന്ദിയും രേഖപ്പെടുത്തി.