തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ കള്ളക്കേസ് നൽകിയെന്ന് പരാതി. അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന് കാണിച്ചു സ്ഥലം ഉടമയാണ് പരാതി നൽകിയത്. പരാതിയിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ.
2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം 8-ാം വാർഡിൽ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവർത്തികൾ നടത്തിയത്. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് സ്വന്തം സ്ഥലത്തെ മരം വെട്ടിമാറ്റിയെന്ന് കാണിച്ച് സ്ഥലം ഉടമ യോഹന്നാൻ തരകൻ സിവിൽ കേസ് നൽകി. കേസിൽ മുൻ പഞ്ചായത്ത് മെമ്പർ കെ പി രാജീവാണ് ഒന്നാം പ്രതി. 8 വർഷത്തിനിപ്പുറം കേസിൽ വിധി വന്നിരിക്കുന്നത്. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നതാണ് വിധി.
ദിവസ കൂലിക്ക് തൊഴിലെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെ സംബന്ധിച്ച് 10 ലക്ഷം രൂപ നൽകേണ്ടി വരുക എന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അസാധ്യമാണ്. 130 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് അന്ന് പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവർത്തികൾ ചെയ്‌തെന്നും എന്നാൽ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരെ ഒഴിവാക്കി 12 പേർക്കെതിരെ കേസ് കൊടുത്തത് വ്യക്തിവൈരാഗ്യത്തിൻ്റെ പേരിലാണെന്നും ഇവർ ആരോപിക്കുന്നു.
മേൽക്കോടതിയിൽ അപ്പീൽ പോകാൻ ആണ് തൊഴിലാളികളുടെ തീരുമാനം. എന്നാൽ തന്റെ്റെ സ്ഥലത്തെ മരം മുറിച്ചതിനാണ് പരാതി നൽകിയതെന്നാണ് സ്ഥല ഉടമ യേഹന്നാൻ പറയുന്നത്