യുവതി യുവാക്കൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിയ പ്രതിയെ തിരഞ്ഞ് പോലീസ്. ഇടുക്കി മുരിക്കാട്ടുകുടി സ്വദേശിനി സിന്ധുവാണ് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയത്. 20 ലക്ഷത്തിലധികം രൂപയാണ് നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത്. വിവിധ ജില്ലകളിൽ ഉള്ളവർ ഇവർക്കെത്തിരെ പരാതി നൽകി.
പോലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. കോഴിമല സ്വദേശിനിയുടെ സമാനമായ പരാതിയിൽ സിന്ധുവിനെ കഴിഞ്ഞ ജൂണിൽ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതി ജാമ്യം നേടി പുറത്തിറങ്ങി. . റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് രണ്ടര ലക്ഷത്തിലധികം രൂപയാണ് ഇവർ വാങ്ങിയത്. കോഴിക്കോട്, കോട്ടയം, എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ് പരാതിക്കാർ.
പ്രതിയുടെ കെണിയിൽ നിരവധിപേർക്ക് പണം നഷ്ടമായിട്ടുള്ളതായി പോലീസ് പറയുന്നു. റഷ്യയിലേയ്‌ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം നൽകിയവർക്ക് സിന്ധു തട്ടിപ്പ് വിസ നൽകി ഡൽഹിയിലേയ്‌ക്ക് അയച്ചിരുന്നു. ഇവിടെ എത്തിയപ്പോഴാണ് ഇവർക്ക് തട്ടിപ്പ് മനസ്സിലായത് . നാട്ടിലെത്തി സിന്ധുവിനെ വിളിച്ചപ്പോൾ അവർ കൈമലർത്തുകയായിരുന്നു. ശേഷം പണം നൽകാമെന്ന് പറഞ്ഞെങ്കിലും അതും പാലിക്കപ്പെട്ടില്ല.
ഒമാനിൽ ജോലി നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കപ്പെട്ടവരും ഏറെയാണ്. പത്തനംതിട്ട സ്വദേശികളാണ് ഇവരിലേറെയും. മകൾക്ക് ജോലി നൽകാമെന്ന് പറഞ്ഞ് ജോയ്‌സ് എന്ന യുവതിയിൽ നിന്നും 75,000 രൂപ സിന്ധു കൈക്കലാക്കിയിരുന്നു.

