കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മക്ക് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊല്ലം അഡീഷനൽ സെഷൻസ് കോടതി.
കൂടാതെ, കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് ഒരു വർഷം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കസ്റ്റഡിയിൽ കഴിഞ്ഞ കാലം കുറച്ച് തടവു ശിക്ഷ അനുഭവിച്ചാൽ മതി. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. രേഷ്മ കുറ്റക്കാരിയെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. രേഷ്മ ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന് നൽകിയ മൊഴി.31 സാക്ഷികളെയും അറുപതിലേറെ രേഖകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.
പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്കിലെ അജ്ഞാത കാമുകൻ ചാറ്റിനിടെ ഉപദേശിച്ച പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നീട് സാക്ഷിമൊഴികൾ പലതും മാറിയെങ്കിലും ഡി.എൻ.എ ടെസ്റ്റ് റിസൽറ്റ് ഉൾപ്പെടെ നിരത്തിയാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.
കുഞ്ഞിനെ ഉപേക്ഷിച്ചശേഷവും നാട്ടുകാരോടും പൊലീസുകാരോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടൽ. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രദേശത്തെ സ്ത്രീകളുടെയും രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെയും രക്തസാമ്പിൾ ഡി.എൻ.എ. പരിശോധനക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകനൊപ്പം ജീവിക്കാനായിരുന്നു നവജാത ശിശുവിനെ വൃത്തിഹീനവും അപകടകരവുമായ സ്ഥലത്ത് രേഷ്മ ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാക്കി.
എന്നാൽ ഫേസ്ബുക്കിലൂടെ കാമുകൻ എന്ന വ്യാജേന ചാറ്റുചെയ്തിരുന്നത് രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയുമായിരുന്നു. രേഷ്മയുടെ അറസ്റ്റിനെ തുടർന്ന് പൊലീസ് ആര്യയെയും ഗ്രീഷ്മയെയും കണ്ടെത്തുമെന്ന ഘട്ടംവന്നപ്പോൾ രണ്ടുപേരും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യചെയ്തതും നാടിനെ നടുക്കി.