വിടവാങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര
തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്. നിലവിൽ കൊല്ലം ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ റോഡിന് ഇരുവശവും ജനം തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാൻ ആകാതെ പലയിടത്തും പോലീസ് വശംകെട്ടു.
മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.
തിരുനക്കര മൈതാനത്ത് പൊതുദർശനം നടത്തിയ ശേഷം രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് എത്തിച്ചേരും. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30നാണ് സംസ്‌കാരം. അന്ത്യ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.
അതേസമയം ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് ഉമ്മൻചാണ്ടി ഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കുടുംബം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് നൽകിയുരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി ആവശ്യം അംഗീകരിക്കുകയായിരുന്നു