പതിനെട്ടുകാരി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. വെമ്പായം നെടുവേലി കിഴക്കേവിളയിൽ എം എസ് വിസ്മയയാണ് സഹായം തേടുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ പ്രവേശന പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ കാരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. അടിയന്തരശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചാലേ ജീവൻ നില നിർത്താനായി സാധിക്കൂ. അമ്മ ജയകുമാരി തന്റെ വൃക്കകളിൽ ഒന്ന് മകൾക്ക് പകുത്തു നൽകാൻ തയാറാണ്. എന്നാൽ ചുമട്ടു തൊഴിലാളിയായ പിതാവ് തങ്കരാജ് (ചിത്തിര)മകളുടെ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തും എന്നറിയാതെ ബുദ്ധിമുട്ടുകയാണ്.5 സെന്റിൽ ഒരു കിടപ്പാടം മാത്രമാണ് കുടുംബത്തിനുള്ളത്. വിസ്മയയുടെ സഹോദരി 10 ക്ലാസിൽ പഠിക്കുകയാണ്.
മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ ചികിത്സയിലുള്ള വിസ്മയയ്ക്കു വൃക്ക മാറ്റിവയ്ക്കാനും അനുബന്ധ ചെലവുകൾക്കുമായി 17 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് ഇത്രയും കാലം ചികിത്സ നടത്തിയത്. ഇനിയുള്ള ചെലവുകൾക്കു പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ് ഈ നിർധന കുടുംബം
വിസ്മയയെ രക്ഷിക്കാൻ നാട്ടുകാർ നെടുവേലി കേന്ദ്രീകരിച്ച് “നമുക്കു കൈ കോർക്കാം’ ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം അനുജ എ ജി ചെയർപേഴ്സണായും വഴയ്ക്കാട് വാർഡംഗം സന്തോഷ് കുമാർ കൺവീനറും നെടുവേലി വാർഡ് അംഗം നിഷാമോഹൻ ട്രഷറുമായ ജനകീയ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാനറ ബാങ്കിൻ്റെ വെമ്പായം ശാഖ യിൽ 110222801965 എന്ന നമ്പരിൽ (ഐഎഫ്എസി കോഡ്: CNRB0003586) അക്കൗണ്ടും തുറന്നിട്ടുണ്ട്. സഹായിക്കാൻ ആഗ്രഹിക്കുന്നവർ അക്കൗണ്ട് നമ്പരിലോ 9633700946 (ജയകുമാരി) എന്ന ഗൂഗിൾ നമ്പരിലേക്കോ പണം നൽകാം.