മണിപ്പൂർ സംഘർഷത്തെ ഒറ്റ വാചകത്തിൽ അതിനെ
“മലമുകളിലുള്ളവരും താഴ്‌വരയിലുള്ളവരും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന് വിശേഷിപ്പിക്കാം“.
ഈ ഏറ്റു മുട്ടലിൽ 15 വിശ്വാസധാരകൾക്ക് കീഴിലുള്ള 150 അനാഥാലയങ്ങൾ, ആയിരക്കണക്കിന് വീടുകൾ എന്നിവ തകർക്കപ്പെട്ടു. 45000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
മരണ സംഖ്യ എഴുപതിനും ഇരുന്നൂറിനും ഇടയിലെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഈ പോരാട്ടം രാഷ്ട്രീയത്തേക്കാൾ മതപരവും വംശീയവുമാണ്.
അത് എന്തുകൊണ്ട്?
മെയ്റ്റികളും കുക്കികളും തമ്മിലാണ് ഏറ്റുമുട്ടൽ.
മെയ്റ്റി എന്നാൽ താഴ്‌വരയിൽ താമസിക്കുന്നവരാണ്. ഈ താഴ്‌വരയ്ക്ക് ചുറ്റുമുള്ള നാല് മലമുകളിൽ താമസിക്കുന്നവരാണ് കുക്കികൾ. അവർ പരമ്പരാഗതമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവരാണ്.
ഇവർക്കിടയിലെ ജനസംഖ്യയിലെ അന്തരമാണ് കലാപത്തിന്റെ മൂല കാരണം.
താഴ്‌വരയിൽ താമസിക്കുന്ന മെയ്റ്റികൾ ജനസംഖ്യയുടെ 64% വരും. മലമുകളിൽ താമസിക്കുന്ന കുക്കികൾ 36%വും.
രാഷ്ട്രീയ അധികാരത്തിലുമുണ്ട് ഈ അന്തരം.
മെയ്റ്റി വിഭാഗത്തിന് 40 എം എൽ എ മാരും , കുക്കി വിഭാഗത്തിന് 20 എം എൽ എ മാരുമാണ് ഉള്ളത്.
രാഷ്ട്രീയ അധികാരത്തിൽ 3 – ൽ 2 – ഭൂരിപക്ഷമായി മെയ്റ്റികൾ മേൽക്കൈ നേടുന്നു എന്ന് സാരം.
ഈ രാഷ്ട്രീയ അധികാര പ്രശനം മാത്രമല്ല അവിടെ ഉള്ളത്. ജനസംഖ്യയുടെ 64% വരുന്ന മെയ്റ്റികൾ ഭൂപ്രദേശത്തിന്റെ 10% മാത്രം വരുന്ന ഇടത്താണ് താമസം എന്നത് മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്.
90% വരുന്ന സ്ഥലവും കുക്കി ഭൂരിപക്ഷ മേഖലയിലാണ് . ഇവിടെ ആണ് നിർണായക ഹൈക്കോടതി തീരുമാനം വന്നത്.
മണിപ്പൂർ ഹൈക്കോടതി മെയ്റ്റികൾക്ക് പട്ടിക വർഗ പദവി നൽകി. ജനസംഖ്യയുടെ 64% വരുന്ന മെയ്റ്റികൾ കൂടി പട്ടിക വർഗ വിഭാഗത്തിൽ വന്നതോടെ സംവരണ ആനുകൂല്യങ്ങൾ
നഷ്ടപ്പെടും എന്നതാണ് കുക്കികളെ ചൊടിപ്പിച്ചത്.
ഈ സംഘർഷം മതപരമായി മാറിയത് എങ്ങനെ?
ജനസംഖ്യയുടെ 36% മാത്രം വരുന്ന കുക്കികളിൽ ഭൂരിപക്ഷവും ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവരാണ്.
മെയ്റ്റികൾ ആണെങ്കിൽ ബഹു ഭൂരിപക്ഷവും ഹിന്ദുക്കളും. എന്നാൽ മെയ്റ്റികൾക്കിടയിൽ ന്യൂനപക്ഷമായ മുസ്ലീങ്ങളുമായി ആഭ്യന്തര സംഘർഷം വേറെയുണ്ട്.
മെയ്റ്റികൾക്ക് പട്ടിക വർഗ പദവി കിട്ടിയതോടെ കുക്കികൾ തുടക്കമിട്ട പ്രതിഷേധവും, അതിന് മെയ്റ്റികൾ നൽകിയ തിരിച്ചടിയുമാണ്
ഇപ്പോൾ മണിപ്പൂരിൽ കാണുന്നത്. മെയ്റ്റിമേഖലകളിലെ ഹിന്ദുക്കളുടെ പ്രതിനിധിയാണ് മുഖ്യമന്ത്രി ബീരേൻ സിംഗ് .
മുഖ്യമന്ത്രിക്ക് എതിരെ കുക്കികൾ കുരുശി യുദ്ധം പ്രഖ്യാപിച്ചു എന്ന പ്രചരണമാണ് മെയ് 3-ന് രണ്ടാം ഘട്ട കലാപത്തിന് തുടക്കമിട്ടത്.
ഹൈക്കോടതി വിധിക്ക് പിന്നാലെ ആയിരുന്നു ഇത്.
മലമുകളിലുള്ള ഗോത്രങ്ങളും താഴ്‌വരയിലെ വിഭാഗങ്ങളും സംഘർഷത്തിൽ ആയതോടെ അക്ഷരാർത്ഥത്തിൽ ഇപ്പോൾ നാട് രണ്ടാണ്.
1949-ൽ ആരംഭിച്ച കലാപം പുതുയ രൂപവും ഭാവവും കൊണ്ടെത്തിയതാണ് ഇപ്പോൾ കണ്ടത് എന്നും പറയാം.