fbpx

“മലയാളസിനിമയും ജാതിയും”

ശങ്കർരാജ് ചിതറ

“ജാതി”, സഹസ്രാബ്ദത്തോളമായി ഭാരതീയസമൂഹത്തെ തൊഴിലിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരിൽ തരം തിരിച്ച ജാതി എന്ന വസ്തുത ജനകീയമാധ്യമമായ സിനിമയെ എത്ര കണ്ടു സ്വാധീനിച്ചിരിക്കുന്നു എന്നു പരിശോധിക്കുകയാണ് ലേഖകൻ ഇവിടെ.

മലയാളസിനിമയിൽ ജാതി എന്നത് പലപ്പോഴും ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നായാണ് കണ്ടു വരാറുള്ളത്, തിരശീലയ്ക്കുള്ളിലും പുറത്തും.
നസീർ-സത്യൻ കാലഘട്ടത്തിൽ കേരളം രാഷ്ട്രീയമായും സാസ്‌കാരികമായും ഒരു പരിവർത്തനദശയിൽ ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, സമൂഹത്തിൽ ജാതിവിവേചനങ്ങൾ തുടർന്നിരുന്നുവെങ്കിലും അന്നത്തെ സിനിമകളിൽ അത്രത്തോളം ജാതിസ്വാധീനം കാണാൻ കഴിയില്ല. താരദ്വന്ദ്വങ്ങളായ നസീറും സത്യനും തന്നെ യഥാക്രമം മുസ്ലിം, ക്രിസ്ത്യൻ നാടാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവരായിരുന്നു. അതിനാൽ തിരശീലയ്ക്ക് പുറത്തും സവർണജാതിമേൽക്കോയ്മ എന്നത് ആരോപിക്കുക അക്കാലത്തെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നായിരുന്നു.


ഇടക്കാലത്ത് മധു, സോമൻ, സുകുമാരൻ മുതലായ നായർ നായകന്മാർ ഉദയം കൊണ്ടെങ്കിലും കൂട്ടത്തിൽ സൂപ്പർതാരപദവി ലഭിച്ചു എന്ന് പറയാൻ കഴിയുന്നത് കൃഷ്ണൻ നായർ എന്ന ജയനു മാത്രമായിരുന്നു.
ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും ക്രമേണ കളർ യുഗത്തിലേക്ക് സിനിമ കടന്ന കാലത്തായിരുന്നു ഇതെല്ലാം സംഭവിച്ചതും.
സവർണവിഭാഗത്തിലുള്ള കുറെ നടന്മാരും താരങ്ങളും അണിയറപ്രവർത്തകരുമൊക്കെ സിനിമയിലുണ്ടെങ്കിലും സവർണാധിപത്യം എന്നോ നായർ മേധാവിത്വം എന്നോ ആക്ഷേപിക്കാൻ തക്ക ഘടകങ്ങൾ അന്നത്തെ സിനിമയിൽ ഇല്ലായിരുന്നു എന്നത് നിസംശയം പറയാമായിരുന്നു.
അത്തരം ഘടകങ്ങൾ കടന്നു വരുന്നത് പിന്നെയും കാലങ്ങൾ കഴിഞ്ഞാണ്.

പിൽക്കാലത്ത് മലയാളസിനിമയിലെ മാറ്റങ്ങളുടെ വക്താക്കളായി പറയപ്പെട്ടു പോരുന്ന പദ്മരാജൻ, ഭരതൻ, എം. ടി മുതലായവരുടെ ചില ചിത്രങ്ങളിലെങ്കിലും സവർണ മഹത്വവത്കരണം(പ്രത്യേകിച്ച് നായർ മഹത്വവത്കരണം) ചെറുതായി കടത്തി വിട്ടിട്ടുള്ളത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാക്കാവുന്ന ഒന്നാണ്.
ഭരതൻ സംവിധാനം ചെയ്ത് 1981 ൽ പുറത്തിറങ്ങിയ “പാളങ്ങൾ” എന്ന ചിത്രത്തിൽ നായികയുടെ ജാതി നായർ ആണെന്ന് കൃത്യമായി പരാമർശിക്കുന്നത് കാണാൻ കാണാൻ കഴിയും. കഥാഗതിയിൽ അപ്രധാനം എന്ന് പറയാൻ കഴിയില്ലെങ്കിലും അത്രത്തോളം അനിവാര്യമെന്നും പറയാൻ കഴിയാത്ത ഒരു സീനായിരുന്നു അത്.
പദ്മരാജന്റെ “തിങ്കളാഴ്ച നല്ല ദിവസം” എന്ന ചിത്രവും ഒരു നായർ തറവാട് കീഴ്ജാതിക്കാരനായ പഴയ വേലക്കാരൻ വാങ്ങിപ്പോകുമോ എന്ന “ആശങ്ക” പങ്കു വെയ്ക്കുന്നുണ്ട്.

1978 ൽ ഇറങ്ങി പിൽക്കാലത്ത് കൾട്ട് സ്റ്റാറ്റസ് നേടിയ ഹൊറർ ചിത്രം ലിസയിൽ പേരിനൊപ്പം ജാതിവാൽ വെച്ച് പുരോഗമനം പ്രസംഗിക്കുന്നവരെ കളിയാക്കുന്ന സീനുണ്ട്.

ചുരുക്കത്തിൽ ജാതിമഹത്വവത്കരണവും അതിനെതിരായ ചലനങ്ങളും ഈയൊരു കാലഘട്ടത്തിൽ ചെറിയ തോതിലെങ്കിലും തുടങ്ങിയതായി കാണാൻ കഴിയും.
അപ്പോഴും തിരശീലയ്ക്ക് പിന്നിലെ ജാതിക്കളികൾ മലയാളസിനിമയ്ക്ക് അന്യമായി തന്നെ നിന്നു.
ശങ്കർ, രതീഷ്, മമ്മൂട്ടി, റഹ്മാൻ, മോഹൻലാൽ തുടങ്ങിയ അടുത്ത നിര താരങ്ങളിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലും ഇന്നും നിലനിൽക്കുന്ന താരസിംഹാസനങ്ങൾ നേടിയെടുക്കുന്ന കാഴ്ചയാണ് മലയാളസിനിമ പിന്നീട് കണ്ടത്.

കൂട്ടത്തിൽ അന്നു വരെ മലയാളസിനിമ കാണാത്ത ജാതിമേധാവിത്വചരിത്രങ്ങൾ മോഹൻലാൽ,പ്രിയദർശൻ, രഞ്ജിത്ത് മുതലായ ചലച്ചിത്രകാർ നിമിത്തം മലയാളസിനിമയിലുണ്ടായി. “നായർ ആണെങ്കിൽ വിഷം കുറഞ്ഞ ജാതിയായിരിക്കും” എന്ന് പറയുന്ന ഡയലോഗുകൾ വരെ മോഹൻലാൽ, പ്രിയൻ കൂട്ടുകെട്ടിൽ ഇറങ്ങിയ “ചന്ദ്രലേഖ” പോലുള്ള ചിത്രങ്ങളിലുണ്ടായി. പിൽക്കാലത്ത് ശ്യാം പുഷ്കരനെ പോലുള്ള നവചലച്ചിത്രപ്രവർത്തകർ ഇത്തരം സിനിമകളെയും ഡയലോഗുകളെയും വിമർശിച്ചിട്ടുണ്ട്.
“ആര്യൻ” പോലുള്ള പ്രിയൻ ചിത്രങ്ങളിൽ പരസ്യമായ കീഴ്ജാത്യാധിക്ഷേപം തന്നെ മോഹൻലാലിന്റെ കഥാപാത്രം നടത്തുന്നുണ്ട്.
സമാന്തരമായി ഷാജി കൈലാസ്-സുരേഷ് ഗോപി ചിത്രമായ “മഹാത്മ”യിലും ഇത്തരം സീനുകൾ കാണാൻ കഴിയും.
ദേവാസുരം, ആറാം തമ്പുരാൻ മുതലായ ഹിറ്റ്‌ ചിത്രങ്ങളിലൂടെ രഞ്ജിത്തും മോഹൻലാൽ വഴി തന്റെ സവർണസാംസ്കാരികദൗത്യം ഭംഗിയായി നിർവഹിച്ചു.
ആഡ്യത്വവും പ്രതാപവും നന്മകളുമെല്ലാം സവർണകഥാപാത്രങ്ങൾക്കും, അല്പത്തരവും തിന്മകളും അഹങ്കാരം കലർന്ന സ്വഭാവസവിശേഷതകളും പിന്നോക്ക, ന്യൂനപക്ഷകഥാപാത്രങ്ങൾക്കും എന്നതായിരുന്നു ഇത്തരം ശ്രേണിയിൽ വാർത്തെടുക്കപ്പെട്ട മിക്കവാറും ചിത്രങ്ങളിലെയും കഥാപാത്രഘടന.
ഈ പാറ്റേൺ പിന്തുടരാൻ അവർണ, ന്യൂനപക്ഷ ചലച്ചിത്രകാരും നിർബന്ധിതരായി എന്നതാണ് മറ്റൊരു ദുഃഖകരമായ യാഥാർഥ്യം.
പിന്നോക്ക അധിഷേപം നടത്തിയ ആര്യന്റെയും ന്യൂനപക്ഷ അധിഷേപം നടത്തിയ മഹാത്മയുടെയും സൃഷ്ടാവ് ടി. ദാമോദരൻ ആയിരുന്നപ്പോൾ, ലോഹിതദാസും പൊതുവിൽ ഇത്തരം പാറ്റേണാണ് പിന്തുടർന്നത്.
“ധനം” എന്ന മോഹൻലാൽ ചിത്രത്തിൽ നായർ തറവാട്ടിലെ സ്ത്രീയെ വശീകരിച്ചു വിവാഹം കഴിക്കുന്ന നെടുമുടിയുടെ പോലീസ് കഥാപാത്രം “മോശക്കാരനായ” കീഴ്ജാതിക്കാരനാണ്. ജാതി എന്നത് അനിവാര്യതയല്ലാത്ത കഥാഘടനയാണ് ഈ ചിത്രത്തിനുള്ളത്. അവിടെയാണ് ബോധപൂർവമായി ജാതിബോധം കുത്തിവെയ്ക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംശയത്തോടെ സമീപിക്കേണ്ടി വരുന്നത്.

തിരശീലയ്ക്ക് അകത്തെ ജാതിബോധം തിരശീലയ്ക്ക് പുറത്തും പ്രവർത്തിച്ചു തുടങ്ങിയിരുന്നു എന്നതിന്റെ തെളിവായിരുന്നു ജാതിയുടെ പേരിൽ താൻ ഒതുക്കപ്പെടുന്നു എന്ന് ഈഴവസമുദായത്തിൽ ജനിച്ച നടൻ തിലകൻ ഉയർത്തിയ ആരോപണം.
തിരുവനന്തപുരം കേന്ദ്രമായ നായർ ലോബി തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്നായിരുന്നു അദേഹത്തിന്റെ ആരോപണം.
അത്രയും രൂക്ഷമായല്ലെങ്കിലും വിശ്വകർമസമുദായത്തിൽ ജനിച്ച നടൻ ജഗതി ശ്രീകുമാറും മലയാളസിനിമയിലെ ജാതി ഒരു യാഥാർഥ്യമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കാലവും ഇടക്കാലവും കഴിഞ്ഞ് 1990 കളോടെ മലയാളസിനിമയെ ഒരു പരിധി വരെ ജാതി വിഴുങ്ങി എന്നതായിരുന്നു യാഥാർഥ്യം.
കറുത്ത നായകനായ കലാഭവൻ മണിക്ക് അവാർഡുകൾ നിഷേധിക്കപ്പെട്ടതും അദ്ദേഹത്തെ പലപ്പോഴും ഒരു കോമാളി മാത്രമാക്കി മാറ്റിയതും ഈ മലയാളസിനിമയാണ്.

ഇത്തരം പ്രവണതകൾക്കെതിരെ തങ്ങളാൽ കഴിയുന്ന രീതിയിൽ തിരശീലയ്ക്കുള്ളിൽ ചെറിയ ചെറുത്തുനിൽപ്പുകൾ ജോഷി, സത്യൻ അന്തിക്കാട് മുതലായ സംവിധായകർ നടത്തിയിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് ശ്യാം പുഷ്കരനെ പോലുള്ള തിരക്കഥാകൃത്തുക്കളാണ് പ്രതിവിപ്ലവാത്മകമായ രീതിയിൽ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായി ശബ്ദിച്ചത്.
നിലവിലെ മലയാളസിനിമയുടെ അവസാനവാക്കുകളിൽ ഒന്നായ സാക്ഷാൽ മോഹൻലാലിനെ നായർ, വർമ, മേനോൻ വിട്ടൊരു കളിയില്ലാത്ത നടൻ എന്ന് ഒരു സിനിമാഡയലോഗിലൂടെ തന്നെ ഗോപ്യമായി വിമർശിച്ചത് ഒരു നിശബ്ദവിപ്ലവത്തിന്റെ തുടക്കമായിരുന്നു എന്നു വേണമെങ്കിൽ പറയാം.

എന്തായാലും കാലം മാറിക്കഴിഞ്ഞു.
ജാതിമഹത്വവത്കരണവുമായി വന്നാൽ കൂവുന്ന കാണികളുള്ള ഇടങ്ങളായി നമ്മുടെ മൾട്ടിപ്ലെക്സുകൾ പുരോഗമിക്കുന്നു.

(മലയാളസിനിമയിലെ ജാതി എന്ന വിഷയത്തിൽ ലേഖകൻ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. കുറച്ചു കാര്യങ്ങൾ ഈ ലേഖനത്തിലൂടെ പങ്കു വെച്ചിരിക്കുന്നു)

1
5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Noufal guru
Noufal guru
1 year ago

മതപരമായി വിമർശനങ്ങൾ ഉന്നയിക്കുക എന്ന കാരണം കാട്ടി ഒരു പ്രശസ്ത സീരിയൽ സെറ്റിൽ നിന്നും എനിക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി.. മതങ്ങൾ എത്ര തമ്മിലടിച്ചു ചോര കുടിച്ചാലും ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ എന്ന സമ്പ്രദായം എല്ലാ മതങ്ങളും ഇരു കൈകളും നീട്ടി സ്വീകരിക്കുന്നു..

1
0
Would love your thoughts, please comment.x
()
x