വീട്ടിൽ നടന്ന പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകന്റെ അറസ്റ്റ് രേഖപെടുത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് നേമം പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെ നാളെ വൈകിട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഇരുപ്രതികളും ഉച്ചമുതൽ നേമം പൊലീസ് സ്റ്റേഷനിലുണ്ട്. ശിഹാബുദ്ദീനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കുന്നതിനിടെ നാടകീയ സംഭവങ്ങളാണ് സ്റ്റേഷനിലുണ്ടായത്. സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ നയാസ് ശിഹാബുദ്ദീന്റെ നേർക്ക് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. പൊലീസുകാർ നയാസിനെ പിടിച്ചതിനാൽ ശിഹാബുദ്ദീനെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയില്ല.
മനഃപൂർവമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ, ഗർഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നിവയാണ് ഇരുപ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മരിച്ച ഷെമീറ ബീവിക്ക് ആശുപത്രിയിൽ കൊണ്ടുപോയി ആധുനിക ചികിത്സ നൽകാതിരുന്നതിൽ ശിഹാബുദ്ദീന് കൂടി പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് പൊലീസ് നടപടി. അറസ്റ്റ് ഭയന്ന് എറണാകുളത്തേക്ക് കടന്ന ശിഹാബുദ്ദീനെ നേമം പൊലീസ് എറണാകുളത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവനന്തപുരം കൊല്ലം ജില്ലകളിലായി എട്ടോളം വരുന്ന അക്യുപങ്ചർ സ്ഥാപനങ്ങൾ ഇയാൾക്ക് ഉണ്ട്. ബീമാപള്ളി തേമ്പാമൂട് വെഞ്ഞാറമൂട്, നെടുമങ്ങാട്, റോഡ് വിള, കരുകോൺ, പത്തടി, ചിതറ എന്നിവിടങ്ങളിലാണ് ഷിഹാബുദീന്റെ നേതൃത്വത്തിലുള്ള അക്യുപങ്ചർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

