വരാനിരിക്കുന്ന കടയ്ക്കൽ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് വില്പന നടത്തുന്നതിനായി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ വാറ്റുചാരായവുമായി ഒരാൾ ചടയമംഗലം എക്സൈസിന്റെ പിടിയിലായി. കടയ്ക്കൽ വില്ലേജിൽ വെള്ളാർവട്ടം മഞ്ജുഭവനിൽ നാരായണൻ്റെ മകൻ മണി ആണ് പിടിയിലായത്. അബ്കാരി നിയമപ്രകാരം ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ല.
23.02.2026 തീയതി തിങ്കളാഴ്ച രാത്രി 10:20-ഓടെയായിരുന്നു സംഭവം. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്. പ്രതി താമസിക്കുന്ന വീടിന്റെ വടക്ക് ഭാഗത്തുള്ള കിടപ്പുമുറിയിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ചാരായം.
കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് പ്രദേശത്ത് വ്യാപകമായി വ്യാജമദ്യവും വാറ്റുചാരായവും വിതരണം ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു ഇവർ ഇത് തയ്യാറാക്കിയത്. ഈ സംഭവത്തിൽ പ്രതിക്ക് സഹായം ചെയ്തുകൊടുത്തവരെപ്പറ്റിയും സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെപ്പറ്റിയും അന്വേഷണസംഘത്തിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർക്കെതിരെയും കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുധീർ,ഷാനവാസ് , സിവിൽ എക്സൈസ് ഓഫീസർമാരായ ചന്ദു, ജയേഷ്, ശ്രേയസ് ഉമേഷ്, നന്ദു, ലിജി, സാബു എന്നിവരും പങ്കെടുത്തു.
കടയ്ക്കൽ തിരുവാതിരയ്ക്ക് വിൽക്കാൻ സൂക്ഷിച്ച 5 ലിറ്റർ വാറ്റുചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ
Subscribe
Login
0 Comments
Oldest


