ലൈംഗിക പീഡന കേസ് പ്രതിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും, ബി.ജെ. പി എം. പി യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 30 ദിവസത്തിലേറെയായി ഗുസ്തി താരങ്ങൾ
നടത്തുന്ന സമരത്തിന്റെ ഭാഗമായുള്ള ‘മഹിളാ പഞ്ചായത്തിനായി’ പാർലമെന്റിലേക്ക് മാർച്ച് ചെയ്ത ഗുസ്തി താരങ്ങൾക്കും, വിദ്യാർത്ഥികളും കർഷകരും സിവിൽ സൊസൈറ്റി സംഘടന പ്രവർത്തകരും ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം. രാജ്യത്തെത്തിന്റെ അഭിമാനമായ വനിതാ താരങ്ങളെ ഉൾപ്പെടെ വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്തു.

താരങ്ങളോടൊപ്പം മാർച്ച് ചെയ്ത AICCTU നേതാവ് സഖാവ് സുചേത ഡേ, AISA നേതാക്കളായ ഡൽഹി സംസ്ഥാന സെക്രട്ടറി നേഹ, പ്രസിഡന്റ് അഭിഗ്യാൻ തുടങ്ങി നിരവധി AIPWA, RYA, AIKM, AICCTU, AISA പ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയും പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
കേസിലെ ഏഴ് പരാതിക്കാരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത കായിക താരമാണ്, അതിനാൽ രണ്ട് എഫ്.ഐ.ആറുകളിൽ ഒന്ന് POCSO നിയമപ്രകാരം ഫയൽ ചെയ്തിട്ടുണ്ട്, എന്നിട്ടും ബ്രിജ് ഭൂഷൺ ശരൺ സിംഗ് ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തിയും പത്രസമ്മേളനങ്ങൾ നടത്തിയും മോദി ഭരണത്തിന്റെയും ബി. ജെ. പി ഉന്നതരുടെയും പിന്തുണയോടെ സ്വതന്ത്രമായി വിഹരിക്കുകയാണ്.
