തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.
ഇന്നും തെക്കൻ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. തിരുവനന്തപുരത്ത് ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കനത്ത മഴയാണ് തിരുവനന്തപുരത്ത് രേഖപെടുത്തിയത്. നെയ്യാറിലും കരമന നദിയിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വാമനപുരം നദിയില്‍ കാണാതായ കൊപ്പം സ്വദേശി സോമനായി ഇന്നും തെരച്ചില്‍ തുടരും.
അവധി വിവരങ്ങള്‍
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലും ഭാഗികമായും ഇന്ന് (ഓക്ടോബര്‍ 4) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേര്‍ത്തല താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.
കോട്ടയം അവധി വിവരങ്ങള്‍
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലെ സെന്റ് ജോണ്‍സ് യു.പി സ്കൂള്‍, ഗവണ്‍മെന്റ് യുപി സ്കൂള്‍ കല്ലുപുരയ്ക്കല്‍, ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ പുളിനാക്കല്‍, തിരുവാര്‍പ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എല്‍ പി സ്കൂള്‍, എസ്‌എൻഡിപി ഹയര്‍ സെക്കൻഡറി സ്കൂള്‍ കിളിരൂര്‍ എന്നീ സ്കൂളുകള്‍ക്കും ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കുമാണ് ബുധനാഴ്ച (ഒക്ടോബര്‍ 4) അവധിയെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
കേരള തീരത്ത് 04-10-2023ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് 04-10-2023ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രംഅറിയിച്ചു.
ജാഗ്രത പാലിയ്ക്കുക
- കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
- മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.