കരിയാടുള്ള ബേക്കറിയിൽ കയറി രാത്രി പരാക്രമം നടത്തിയ എസ്.ഐ.യെ തടഞ്ഞുവെച്ച് നാട്ടുകാർ. മദ്യലഹരിയിലായിരുന്നു ഉദ്യോഗസ്ഥന്റെ പരാക്രമം. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് അടിച്ചു പൂസായി പരാക്രമങ്ങൾ കാട്ടിയത്. നെടുമ്പാശ്ശേരി കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോന്റെ കടയിൽ ഇയാൾ ബുധനാഴ്ച രാത്രിയിൽ എത്തുകയായിരുന്നു.
ഇയാൾക്കൊപ്പം ഡ്രൈവറും വാഹനത്തിലുണ്ടായി. എസ്.ഐ. കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരൽവടി കൊണ്ടടിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്ക് അടിയേറ്റു. സംഭവം ഏതാണെന്ന് തിരക്കി നാട്ടുകാരും ഓടിക്കൂടി. എന്നാൽ എസ്.ഐ മദ്യലഹരിയിൽ ആണെന്ന് മനസിലാക്കിയ നാട്ടുകാർ പോലീസിന്റെ റോൾ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ പ്രതിയായ എസ്.ഐയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു.
വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി. എസ്.ഐ. മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. എസ്.ഐ.യെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. അകാരണമായി മർദിച്ചതിന് എസ്.ഐ.ക്കെതിരേ നടപടി ഉണ്ടാകും. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു