fbpx

ഏക സിവിൽകോഡ് തന്നെയാണിത്, ഏകീകൃത സിവിൽ കോഡല്ല

ഏക സിവിൽകോഡ് തന്നെയാണിത്, ഏകീകൃത സിവിൽ കോഡല്ല. ഏക സിവിൽ കോഡ് എന്ന ആർ.എസ്.എസ് അജണ്ട ഏകീകൃത സിവിൽ നിയമങ്ങളാണെന്ന വ്യാജ പ്രതീതി ജനിപ്പിക്കാൻ ‘ഏകീകൃത സിവിൽകോഡ്’ എന്നാക്കി അവതരിപ്പിക്കുന്നതിൽ തന്നെ പ്രശ്നമുണ്ട്. ഏകമാണത്. നേരത്തെ പ്രഖ്യാപിച്ചതിന് വിരുദ്ധമായി മറ്റെല്ലാ ജാതിമത വിഭാഗങ്ങളെയും ഒഴിവാക്കിക്കൊണ്ട് മുസ്‍ലിംകളെ മാത്രം ഉന്നമിടുന്ന സിവിൽ നിയമകോഡ്.

ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള അതിവേഗ പാതയാണ് ഈ ഏക സിവിൽകോഡ്. ഈ നിയമത്തെക്കുറിച്ച് ബി.ജെ.പി സർക്കാർ തന്നെ ​മുമ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. ഭാവിയില്‍ മുസ്​ലിംകള്‍ക്ക് മാ​ത്രമായി പുതിയ നിയമ നിര്‍മാണം ആവശ്യമായി വന്നാല്‍ അതാലോചിക്കുമെന്നാണ് ഒന്നാം മോദി സർക്കാറിലെ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് മുത്വലാഖ് നിരോധനത്തി​ന്‍റെ വേളയിൽ പറഞ്ഞത്.
സമീപസ്ഥമായ ഹിന്ദുത്വ രാഷ്ട്രത്തിൽ ഏതു കോഡും പുഷ്പം പോലെ ഒരു രാപ്രഖ്യാപനത്തി​ലൂടെ നടപ്പാക്കാൻ കഴിയുമെന്നിരിക്കെ, ഇവരെന്തിനാണ് ഇടക്കിടക്ക് ഏക സിവിൽ​കോഡ് കൊണ്ടുവരുമെന്ന് ഇങ്ങനെ വിളിച്ചു പറയുന്നത്? അതാണ് കാതലായ വശം. ഏകസിവിൽകോഡ് നിലവിലുള്ള ​​ചെറു പ്രതിഷേധങ്ങളെയും ഏതുസമയത്തും സംഭവിച്ചേക്കാവുന്ന വൻ പ്രതിഷേധങ്ങളെയും പൂട്ടിക്കെട്ടാനുള്ള ഒന്താന്തരം മരുന്നാണ്.

എടുത്തു വീശുമ്പോളൊക്കെ മുസ്‍ലിംകൾ മാത്രം ചാടിവീഴണമെന്നതുതന്നെയാണ് അവരുടെ ഒളിയജണ്ട. ഏതെങ്കിലും ഘട്ടത്തിൽ ഇതി​​ന്‍റെ അപായം മനസ്സിലാക്കി മറ്റുള്ളവർ എതിർക്കാനൊരുമ്പെട്ടാൽ അതപകടമാണ്. കാമ്പിനോടടുത്തപ്പോൾ, ബഹുസ്വര പ്രതിഷേധത്തി​ന്‍റെ നാമ്പുകൾ മുളപൊട്ടു​ന്നുവെന്ന് മനസ്സിലാക്കി അതിനെ നുള്ളിക്കളയാൻ ക്രിസ്ത്യൻ, ഗോത്ര വിഭാഗങ്ങളെ കോഡിൽനിന്നൊഴിവാക്കുമെന്ന പ്രഖ്യാപനം ഉടനടി വന്നു. ഉന്നം മുസ്‍ലിംകൾ തന്നെയെന്ന് ദ്യോതിപ്പിക്കുകവഴി രണ്ടു കാര്യങ്ങൾ ഒരേസമയം സംഭവിക്കും. ഏക സിവിൽകോഡിനെതിരായി ഉയർന്നുവരുന്ന ബഹുസ്വര പ്രതിഷേധങ്ങൾ തണുക്കും. മറ്റൊന്ന്, മുസ്‍ലിം വിരുദ്ധ രാഷ്ട്രീയം ജ്വലിപ്പിച്ചു നിർത്തുന്നതി​ന്‍റെ തുടർച്ചയിലൂടെ ഹിന്ദുത്വവാദികളെയും അവർക്ക് ആശയം​കൊണ്ടും കർമം ​കൊണ്ടും പ്രത്യക്ഷമായും മനസ്സുകൊണ്ടും പരോക്ഷമായും ആശീർവാദം നൽകുന്ന ഒരു വലിയ ജനവിഭാഗത്തി​ന്‍റെയും പിന്തുണ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള വഴിയെ പുഷ്ടിപ്പെടുത്തും.


ഏറ്റവും പ്രധാനമായത്, ​ബഹുജന പ്രതിഷേധത്തിന് കാരണമായേക്കാവുന്ന ഒരുപിടി പ്രശ്നങ്ങളിൽ നിന്ന് അടിയന്തരമായും കനപ്പെട്ട മറ സൃഷ്ടിച്ചുംകൊണ്ടുള്ള ശ്രദ്ധതിരിക്കലാണ്. ഉദാഹരണത്തിന് മണിപ്പൂർ വംശഹത്യ, അന്യായമായ വിലക്കയറ്റം, കോർപറേറ്റുകളുടെ വിഭവക്കൊള്ള, ​അശാസ്ത്രീയ വികസനത്തി​ന്‍റെ ഫലമെന്നോണം ഉത്തരേന്ത്യയിലെ അതിരൂക്ഷമായ പ്രകൃതിക്ഷോഭങ്ങൾ, രാജ്യം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധി, അതിർത്തിമേഖലയിൽ ചൈനയുടെ കടന്നുകയറ്റം, റ​ഫാലിനു സമാനമായ പുതിയ കരാർ തുടങ്ങിയ ഗൗരവതരമായ പ്രശ്നങ്ങളിൽ നിന്ന് സുന്ദരമായി ശ്രദ്ധയെ വഴിതിരിച്ചുവിടൽ. കോഡിൽ നിന്ന് ഒഴിവാക്കിനൽകുക വഴി രാജ്യത്തി​ന്‍റെ ഗോത്രമേഖലകളിൽ നിന്നുയരുന്ന പ്രതിഷേധത്തെയടക്കം ആറിത്തണുപ്പിക്കൽ.


അതേസമയം, മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം ഏക സിവിൽകോഡിനെ എങ്ങനെ നേരിടണം എന്ന് അറിയാത്ത അവസ്ഥയുണ്ട്. എവിടെനിന്ന് തുടങ്ങണമെന്നോ ഏതുവഴി നീങ്ങണമെന്നോ ആരെ കൂടെക്കൂട്ടണ​മെന്നോ പോലും അറിയാത്തവിധം ആശയക്കുഴപ്പത്തിൽ ചാടിയിരിക്കുകയാണ് അവരെ നയിക്കുന്നുവെന്ന് പറയുന്ന സംഘടനകൾ. കാര്യങ്ങളെ വിവേകത്തോടെ കണ്ട് നയിക്കാൻ ശേഷിയുള്ള ഒരു ദേശീയ നേതൃത്വം ഈ രാജ്യത്തെ മുസ്‍ലിംകൾക്കില്ല. അപ്പുറത്താവട്ടെ, എല്ലാ തന്ത്രങ്ങളും നവീന സന്നാഹങ്ങളുമായി മുസ്‍ലിം വിരുദ്ധ രാഷ്​ട്രീയത്തെ ജ്വലിപ്പിച്ചു നിർത്തുന്ന പതിറ്റാണ്ടുകളുടെ പരിശീലനം നേടിയവരാണുതാനും. ഒന്നിച്ചുനിന്ന് എതിരിടാൻ കഴിയാത്ത വിധമുള്ള വിജഭജനയുക്തികളെ അതി​ന്‍റെ മൂർധന്യത്തിൽ എത്തിച്ചു​കൊണ്ടുള്ള കളിയാണിപ്പോൾ അവർ കളിക്കുന്നത്. ​കേരളത്തിൽ ഇന്നരങ്ങേറുന്നത് അതിന്‍റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല.


ശരീഅത്ത് വിവാദ കാലത്തുതന്നെ മുസ്‍ലിംകളെ വിവേകത്തോടെ നയിക്കാൻ ശേഷിയുള്ള നേതാക്കൾ ഇവിടെ ഇല്ലായിരുന്നു. അതി​ന്‍റെ തുടർച്ച തന്നെയാണിപ്പോഴും. കാലാനുസൃതമായ നവീകരണങ്ങൾ ചിന്തയിലും പ്രവൃത്തിയിലും തൊട്ടുതീണ്ടിയില്ലാത്ത ഉത്തരേന്ത്യൻ മുല്ലാമാരും മൗലാനമാരും അധികാരത്തി​ന്‍റെ തണലിൽ മയങ്ങുന്ന വരേണ്യ സംഘടനകളും വ്യക്തിനിയമ ബോർഡുമാണ് ഇന്ത്യൻ മുസ്‍ലിംകളുടെ ഏറ്റവും വലിയ ഗതികേട്. രാജ്യത്തെ ഇതര ജനവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നപ്പോഴും മുസ്‍ലിം വ്യക്തിനിയമം ‘ഇസ്‍ലാമിന്‍റെ അടിത്തറയാണെ’ന്നും പറഞ്ഞ് അതിന്മേൽ അടയിരുന്നതി​​ന്‍റെ വിലയാണിന്ന് ഏക സിവിൽകോഡിനുവേണ്ടി ഒടുക്കേണ്ടിവരുന്നത്. എല്ലാ പ്രതിരോധവും പാളിപ്പോവുന്നതി​​ന്‍റെ അടിസ്ഥാന കാരണവും അതുതന്നെയാണ്.
സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വടക്കേന്ത്യയിൽ പുഴുക്കളെ പോലെ നരകിക്കുന്ന മുസ്‍ലിം ജനസമൂഹം തന്നെ ഏറ്റവും വലിയ തെളിവായി നമുക്കു മുന്നിലുണ്ട്.

അടുത്തിടെ പുറത്തുവന്ന സാമ്പത്തിക സർവേ പോലും ഈ ഗതി​കെട്ട മനുഷ്യരുടെ അവസ്ഥ കാണിക്കുന്നതാണ്. ഈ ജനവിഭാഗത്തിന് അന്തസ്സോടെ ഒന്നുനിവർന്ന് നിൽക്കാൻപോലും വഴിയൊരുക്കാത്തവർ മുസ്‍ലിം സ്ത്രീയെ മൂടിപ്പുതപ്പിക്കുന്ന തിരക്കിലായിരുന്നു ഇത്രയും കാലം. ഹിജാബും മുഖാവരണവുമാണ് മുസ്‍ലിം സ്ത്രീയുടെ ഏറ്റവും പരമമായ തെരഞ്ഞെടു​പ്പെന്ന് അവർ പഠിപ്പിച്ചും പ്രചരിപ്പിച്ചും വൃഥാ കാലംകഴിച്ചു. സാമൂഹികവും രാഷ്​ട്രീയവുമായ ഇക്കൂട്ടരുടെ എല്ലാ ദുർബലാവസ്ഥകളെയും മറയ്ക്കാനുള്ള ഏറ്റവും നല്ല ഉരുപ്പടിയായിരുന്നു സ്ത്രീയുടെ മേലുള്ള ഒരു തുണിക്കഷ്ണം. വ്യക്തി നിയമങ്ങൾക്കകത്തും പുറത്തുമുള്ള സ്ത്രീവിരുദ്ധവും അതുകൊണ്ടുതന്നെ ഇസ്‍ലാമിക വിരുദ്ധവുമായ ആശയങ്ങളെ പ്രത്യക്ഷമായിത്തന്നെ പിന്തുണച്ചു. ശരീഅത്ത് വിവാദ കാലത്ത് തുടങ്ങി മുത്ത്വലാഖ് നിരോധന നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങിപ്പോൾ വരെയും അതുകണ്ടതാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഷാബാനു എന്ന മുസ്​ലിം സ്ത്രീ നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത വിധിക്കെതിരെ ഉറഞ്ഞു തുള്ളിയവര്‍, യഥാര്‍ഥത്തില്‍ അന്നു തന്നെ രാജ്യത്തെ മുസ്​ലിംകളുടെ ഇനിയങ്ങോട്ടുള്ള അവസ്ഥ കൃത്യമായി വെളിവാക്കുകയായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും ശത്രുപാളയത്തില്‍ നില്‍ക്കുന്നവര്‍ക്ക് അളന്നെടുക്കാന്‍ പാകത്തില്‍ തന്നെ. പിന്നീടിങ്ങോട്ട് അതൊരിക്കലും തെറ്റിയിട്ടുമില്ല.


‌ഇന്ത്യന്‍ ഭരണഘടന വിശാലാര്‍ഥത്തില്‍ വിഭാവനം ചെയ്ത സമൂഹ്യനീതിയിലേക്ക് ഇസ്​ലാമിക ഗ്രന്ഥത്തി​​​​​​​​​​​​ന്‍റെ വെളിച്ചത്തിൽ മുസ്​ലിം സ്ത്രീ കൈപിടിച്ച് ഉയര്‍ത്തപ്പെട്ടപ്പോള്‍ അതിനോടുള്ള സമീപനത്തിലും പ്രയോഗത്തിലും തുടങ്ങിയ പിഴവ് തിരിച്ചറിയാനോ തിരുത്താനോ ഉള്ള ചെറിയ ശ്രമം പോലും അവിടുന്നിങ്ങോട്ട് ഈ രാജ്യത്തെ മുസ്​ലിം ആണധികാര കേന്ദ്രങ്ങളുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നിടത്തു തന്നെയാണ് ഏക സിവിൽ കോഡ് പ്രശ്നത്തി​​​​​​​​​​​​ന്‍റെ മര്‍മം കിടക്കുന്നത്.
ചർച്ചകളും സംവാദങ്ങളും അരങ്ങുതകർക്കുമ്പോൾതന്നെ ആരും തൊടാതെ ഇരിക്കുന്ന ഒരു സ്ഥാപനമുണ്ട്. ഏറ്റവും അടിസ്ഥാനപരമായ ചോദ്യം തറഞ്ഞു നില്‍ക്കുന്നത് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എന്ന സംവിധാനത്തി​​​​​​​​​​​​ന്‍റെ മുഖത്തിനുനേര്‍ക്ക് തന്നെയാണ്. ഷാബാനു കേസിനുശേഷം എത്രയോ തവണ ‘മുസ്​ലിം സ്ത്രീ’ വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടംപിടിച്ചു. പതിറ്റാണ്ടുകള്‍ ആയി നിലനില്‍ക്കുന്ന ഈ നീതിനിഷേധം പുറംസമൂഹം ചര്‍ച്ച ചെയ്യുമ്പോഴെല്ലാം അത് ഇസ്​ലാമിനെ കരിവാരിത്തേക്കാനെന്നു പറഞ്ഞ് പുറംതിരിഞ്ഞു നില്‍ക്കുകയും യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്ത ചരിത്രമാണ് മുസ്‍ലിം സംഘടനകളുടേത്.

ഏതെങ്കിലും കാലത്ത് തങ്ങള്‍ക്ക് തന്നെ ഇത് തിരിച്ചടിയാകും എന്ന തിരിച്ചറിവില്ലാത്തവരായിരുന്നോ ഇത്രയുംകാലം ഇന്ത്യാ മഹാരാജ്യത്തെ മുസ്​ലിംകളെ നയിച്ചുപോന്നത്? മുസ്​ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട ഏതു വിഷയം ഉയര്‍ന്നുവരുമ്പോഴും/ ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴും അതി​​ന്‍റെ കാലാനുസൃതമായ നവീകരണത്തെക്കുറിച്ച് ചിന്തിക്കാതെ ‘ഏകസിവില്‍കോഡ് വരുന്നേ’ എന്ന് ആര്‍ത്തു കരഞ്ഞ ഈ വിഭാഗം എതിരാളികളുടെ അജണ്ടകളെയും ലക്ഷ്യങ്ങളെയും അടിക്കടി ഊട്ടിയുറപ്പിച്ചുകൊടുക്കുകയായിരുന്നു.
മുത്ത്വലാഖ്​ അടക്കമുള്ള വിഷയങ്ങള്‍ എടുത്തിട്ടലക്കാനും അതുവഴി പ്രതിഛായാ നിര്‍മാണം നടത്താനും സംഘ്പരിവാര്‍ ഭരണകൂടത്തിന് പരവതാനി വിരിച്ചത് ഇക്കൂട്ടര്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. നമ്മുടെ ഉള്ളിലുള്ള ദൗര്‍ബല്യങ്ങളുടെ ആഴം ഏവരാലും തിരിച്ചറിയപ്പെടുന്ന കാലത്ത്, അവ പരസ്യമായി വിചാരണ ചെയ്യപ്പെടുന്ന കാലത്ത് വീണ്ടും വീണ്ടും അതിന്മേൽ അടയിരുന്ന് തല്‍പര കക്ഷികളുടെ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതില്‍ നിന്ന് പിന്‍മാറാന്‍ എന്നിട്ടും ഇവര്‍ തയ്യാറാവുന്നില്ല എന്നതാണ് വേദനകരം. ‘പരസ്പര സഹായ സഹകരണ സംഘങ്ങള്‍’ എന്ന നിലയില്‍ ഇരുകൂട്ടരും മുന്നേറുകയായിരുന്നു.


ആർ.എസ്.എസി​​ന്‍റെ പ്രത്യക്ഷ അധികാരത്തിലേക്കുള്ള വഴിയില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച ഒന്നായിരുന്നു ഏകസിവില്‍കോഡ്. എല്ലാ ജനവിഭാഗങ്ങളെയും വലയം ചെയ്യുന്ന ഒരു സിവിൽ കോഡ് ഇവിടെ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ജാതികളാലും ഉപജാതികളാലും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ഘടനയില്‍ ഹൈന്ദവ ആചാരങ്ങളെയും അവകാശങ്ങളെയുംപോലും ഒരൊറ്റ ചരടിലേക്ക് കോര്‍ത്തുകെട്ടുക എന്നത് ഒരിക്കലും നടപ്പാക്കാനാവാത്ത ഒന്നാണ്. അതിന് ഏറ്റവും വിഘാതം നില്‍ക്കുക ഇവിടെയുള്ള ഹൈന്ദവ സമൂഹം തന്നെയായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ അടക്കം നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുണ്ട്​. പ്രശ്നം കാമ്പിനോടടുക്കുന്നുവെന്ന തോന്നലിൽ ഇന്നത് ദൃശ്യമാവുന്നുമുണ്ട്.
എന്നാല്‍, വ്യക്തി നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട എന്തു വാദം വരുമ്പോഴും ഒരു നേര്‍ച്ച പോലെ മുസ്​ലിം സംഘടനകൾ ആദ്യമേ തന്നെ സ്വന്തം നെഞ്ചിനുനേര്‍ക്കുള്ള ഉണ്ടയായി വ്യാഖ്യാനിക്കും. എന്നിട്ട് കുത്തിയിളക്കലുകള്‍ നടത്തും. ഇതു തന്നെയാണ് യഥാര്‍ഥത്തില്‍ ഭണകൂടത്തിന് വേണ്ടിയിരുന്നതും. കഴിഞ്ഞ പാര്‍ലമ​​​​​​​​​​​ന്‍റ് തെരഞ്ഞെടുപ്പിലൂടെ നരേന്ദ്രമോദിയും അതുകഴിഞ്ഞ് യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥും കൊയ്തത് ഈ ഒച്ചപ്പാടി​ന്‍റെ ഫലം കൂടിയാണെന്ന് അറിയാത്തവര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല എന്നതാണ് നേര്. ‌
രാജ്യത്തെ ഇതര സ്ത്രീജനങ്ങള്‍ക്ക് തുല്യ നീതിയും അവകാശവും ലഭിക്കുന്നുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ് എല്ലായ്പോഴും മുസ്​ലിം സ്ത്രീകളുടെ അവകാശബോധത്തെ ഇതിനകത്തുള്ളവര്‍ തന്നെ വിചാരണ ചെയ്യാറുള്ളത്. ഇതര വിഭാഗങ്ങളില്‍ ഉണ്ടായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ അവരിലെ മറുപാതിയെ വലിയൊരളവിൽ സ്വാധീനിച്ചപ്പോള്‍തന്നെയും മുസ്​ലിം സമുദായത്തിനകത്ത് നീതിനിഷേധം സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയായിരുന്നു. മറ്റേത് ജനവിഭാഗത്തിലെ സ്ത്രീകളെക്കാളും, ഇസ്‍ലാമി​​ന്‍റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആനില്‍ അങ്ങേയറ്റം പരിഗണിക്കപ്പെട്ട ഒരു വിഭാഗമാണ് സ്ത്രീകൾ. എന്നാല്‍, പതിറ്റാണ്ടുകളായി തുല്യനീതിയിലും അവകാശങ്ങളിലും എല്ലാവര്‍ക്കും പിന്നില്‍ മുഖം കുനിച്ചു നടക്കേണ്ട ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ് ഉള്ളത്. ഒരു നിയമവും ഒരു സമൂഹത്തി​ന്‍റെയും ലക്ഷ്യമല്ല. നീതിയെന്ന ലക്ഷ്യത്തിലേക്കുള്ള വഴികൾ മാത്രമാണ്.

ഉണരാൻ തുടങ്ങുന്ന ഒരു ജനതക്ക് അത് നല്‍കുന്ന ചങ്കുറപ്പ് അത്ര ചെറുതായിരിക്കില്ല. അനിവാര്യമായ ആ ഉണര്‍വിലേക്ക് മറ്റു സ്ത്രീ വിഭാഗങ്ങളെ പോലെ ഇന്ത്യയിലെ മുസ്​ലിം സ്ത്രീകള്‍ക്ക് നടന്നുകയാറാനായില്ല എന്നത് കൈപ്പേറിയ യാഥാർഥ്യമാണ്.
രാജ്യത്തി​ന്‍റെ വിശാലമായ ഭൂമികയില്‍ ഏറ്റവും അധസ്ഥിത വിഭാഗങ്ങളിലൊന്നായി നിലകൊള്ളുന്ന മുസ്​ലിംകളുടെ ഇടയില്‍ അതിനേക്കാള്‍ പതിതരായി ജീവിതം തള്ളിനീക്കുന്ന ഒട്ടൊരുപാട് പെണ്‍ ജന്മങ്ങളുണ്ട്. നിര്‍വചനങ്ങളാലും വിശേഷണങ്ങളാലും പലകൂട്ടരുടെ പിടിവലികള്‍ക്കും അജണ്ടകള്‍ക്കുമിടിയില്‍ ജീവിതം കൊരുത്തുപോയ ഈ വിഭാഗത്തിനുവേണ്ടി അതിനകത്തു നിന്നുതന്നെ അവഗണിക്കാനാവാത്ത ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ട് കാലമെത്രയോ ആയി. മുത്ത്വലാഖ് വിഷയത്തിലടക്കം അതു സംഭവിച്ചു. ഈ ഇരകളെ ഗൗനിക്കാൻ മുസ്‍ലിം വ്യക്തിനിയമ ബോർഡ് അടക്കം തയ്യാറായില്ല. രാജ്യത്തി​ന്‍റെ നാനാ ഭാഗങ്ങളിലേക്ക് വനിതാ പ്രതിനിധികളെതന്നെ അയച്ച് പെണ്ണുങ്ങളെ ചെന്നുകണ്ട് മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയരാക്കി മുത്ത്വലാഖിന് അനുകൂലമായി ഒപ്പുശേഖരണം നടത്തുകയായിരുന്നു ബോർഡ് അന്ന് ചെയ്തത്. അത്തരമൊരു സന്ദർഭത്തിലാണ് മുസ്‍ലിം സ്ത്രീകളുടെ ‘രക്ഷക’ വേഷം ചമഞ്ഞ് ​സംഘ്പരിവാർ ഭരണകൂടം രംഗപ്രവേശം ചെയ്യുകയും അതൊരു അവസരമാക്കി മാറ്റുകയും ചെയ്തത്. മുസ്‍ലിം സ്ത്രീക്കും പുരുഷനും പ്രതിലോമകരമായി തീർന്ന മുത്ത്വലാഖ് നിയമത്തെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ​?
എന്നിട്ടുപോലും വ്യക്തിനിയമത്തിനകത്തെ അപാകതകൾ പരിഹരിക്കാൻ ഇവരാരും മുതിർന്നില്ല! മുസ്​ലിംകളുടെ മൊത്തം ഉടമാവകാശം ഏറ്റെടുത്ത ഈ ബോർഡിന്​ കേവലം ഒരു എന്‍.ജി.ഒ യുടെ വിലയല്ലാതെ മറ്റൊന്നുമില്ല എന്നുകൂടി അന്നു തെളിഞ്ഞു.

ശരീഅത്ത് നിയമങ്ങൾ മാറ്റത്തിന് വിധേയമാക്കാൻ പാടില്ലെന്ന് ഇവർ പറയുന്നിടത്ത്, മുസ്‍ലിം പുരുഷൻമാൻ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവയിൽ കാലാകാലങ്ങളായി അനുഭവിച്ചു​കൊണ്ടിരിക്കുന്ന പ്രത്യേക അവകാശ- അധികാരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭീതി തന്നെയാണ്. കുടുംബം നോക്കൽ ബാധ്യതയല്ലാത്ത കാലത്തുപോലും ഇസ്‍ലാം സ്ത്രീയെ സ്വത്തിൽ പാതിയുടെ അവകാശിയാക്കിയെങ്കിൽ, സ്വന്തമായി ജോലി ചെയ്ത് കുടുംബത്തി​​ന്‍റെ സാമ്പത്തിക ബാധ്യതയേൽക്കേണ്ടിവരുന്ന നവ സാഹചര്യത്തിൽ സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശത്തിന് അർഹതയുണ്ടെന്ന നീതിപൂർവമായ ഖുർആനിക പക്ഷം അതിൽ കണ്ടെത്താൻ കഴിയാത്തതു​കൊണ്ടെന്നുമല്ല അത്.


എതിരാളിയുടെ ഉള്ളിലെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്താണ് ഫാഷിസം എല്ലാകാലത്തും വളര്‍ന്നിട്ടുള്ളത്. ഈ ദൗര്‍ബല്യങ്ങളെ കെട്ടിപ്പൊതിഞ്ഞുവെക്കുന്നിടത്തോളം കാലം അവര്‍ ദംഷ്ട്രകള്‍ പ്രയോഗിച്ചു കൊണ്ടിരിക്കും. വ്യക്തിനിയമങ്ങള്‍ പരിഷ്കരിച്ച നിരവധി മുസ്​ലിം രാഷ്ട്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവിടെയൊന്നും ഇസ്‍ലാം തകർന്നതായി അറിവില്ല. എടുത്തും കൊടുത്തും കൊണ്ടല്ലാതെ നിയമത്തിന് വളരാനാവില്ല. നിയമം എന്നത് ഒരു കാലത്തില്‍ നിശ്ചലമായി നില്‍ക്കേണ്ടതുമല്ല. അതു മുന്നോട്ടു പോവുന്ന സമൂഹത്തെ പിന്നോട്ടു വലിക്കാനുള്ളതുമല്ല. ആ അര്‍ഥത്തില്‍ ചില ഖുര്‍ആനിക നിയമങ്ങളില്‍ ‘ഇജ്തിഹാദ്’ (ഗവേഷണം) അടക്കം ആവശ്യമായി വരും.
ഒപ്പുശേഖരണ നാടകത്തിനു പകരം മുസ്​ലിം സ്ത്രീകളുടെ ഇടയില്‍ സത്യസന്ധമായ ഒരു ഹിത പരിശോധന നടത്തി അതിനനുസൃതമായ നീക്കങ്ങൾക്ക് അടിത്തറ പാകിയിരുന്നുവെങ്കിൽ മുത്ത്വലാഖിൽ മോദി സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത ‘പ്രതിഛായ’ നേരെ തിരിഞ്ഞ് ഈ ബോർഡിൽ ചെന്നു നിൽക്കുമായിരുന്നു. മുത്ത്വലാഖ്​ അടക്കം മുസ്​ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പരിശോധനാ വിധേയമാക്കാനുള്ള സമിതിയെ നിയോഗിക്കാമായിരുന്നു. മുന്‍വിധികളും പക്ഷപാതിത്വങ്ങളും സങ്കുചിതത്വങ്ങളും മാറ്റിവെച്ച് എന്താണ് അവര്‍ പറയുന്നതെന്നും അതില്‍ നിന്ന് സ്വീകാര്യമായവ എന്താണെന്നും പരിശോധിക്കാൻ തയാറാവണമായിരുന്നു. നിയമജ്ഞരും മുസ്​ലിം വനിതാ പ്രതിനിധികളും ഇസ്​ലാമിക പണ്ഡിതന്‍മാരും പണ്ഡിതകളും സാമൂഹ്യ ശാസ്ത്രജ്ഞരും പൊതു ജനപ്രതിനിധികളും അടക്കം പല വ്യക്തിത്വങ്ങളെ ഉള്‍കൊള്ളുന്ന ഒരു സംവിധാനത്തിലൂടെ പരിഷ്കാര ശ്രമങ്ങൾക്ക് തുടക്കം കുറിക്കണ​മായിരുന്നു. അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് മുത്വലാഖ് അനിസ്​ലാമികമാണെന്നും അത് നിരോധിക്കണമെന്നോ കര്‍ശനമായി നിയന്ത്രിക്കണമെന്നോ ഉള്ള ആവശ്യം നേരെ മുന്നോട്ടുവെച്ചിരുന്നുവെങ്കില്‍ (അടിയുറഞ്ഞ ആണധികാരണ ഘടനയില്‍ അങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നതുതന്നെ മൂഢത്വമാണ് എന്നറിയാഞ്ഞിട്ടല്ല​) ഇന്ന് രാജ്യത്തെ മുസ്​ലിംകള്‍ക്ക് ഇത്ര വേവലാതിപ്പെടേണ്ടി വരുമായിരുന്നില്ല. അതിനേക്കാള്‍ ഉപരി ഫാഷിസ്റ്റുകള്‍ ഇത്രകാലം കൊണ്ട് നടന്ന മൂര്‍ച്ചയേറിയ ആയുധത്തി​ന്‍റെ മുന സമര്‍ഥമായി ഒടിക്കലുമാകുമായിരുന്നു അത്.


കേവല മതാധികാര ബോഡി എന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ മുസ്​ലിംകളെ ഏറ്റവും പുരോഗമനപരമായ വഴിയില്‍ നയിക്കുക എന്ന ചുമതല ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിയാത്ത ഇങ്ങനെയൊരു ബോർഡി​ന്‍റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
‌ ഇനി കേരളത്തിലേക്ക് വന്നാൽ, ഭരണകക്ഷിയും ഹിന്ദുത്വ ഫാഷിസത്തെ ശത്രുവായി കാണുകയും ചെയ്യുന്ന സി.പി.എം ഏകസിവിൽകോഡ് വിഷയത്തിൽ എടുത്ത നിലപാട് അനുകൂലവും പ്രതികൂലവുമായ ഒരുപാട് അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാവുന്നുണ്ട്. ഒരു മതേതര പാർട്ടിയെന്ന നിലയിൽ അവർ പ്രതിരോധമുഖം തുറക്കുന്നതിൽ തെറ്റുപറയാനാവില്ല. പുതിയ സാഹചര്യത്തിൽ അത് അനിവാര്യവുമാണ്. പക്ഷെ, അതി​​ന്‍റെ യാഥാർഥ ലക്ഷ്യവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ മുഖവിലക്കെടുക്കാതിരിക്കാനുമാവില്ല. മുസ്‍ലിം സംഘടനകളെയടക്കം വിളിച്ചുചേർത്ത ഏകസിവിൽ കോഡിനെതിരായ ദേശീയ ജനകീയ സെമിനാർ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‍ലിം ലീഗ് വിട്ടുനിന്നതും മുസ്‍ലിം സ്ത്രീ പ്രാതിനിധ്യമില്ലാത്തതുമടക്കം പല തരത്തിലുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽകൂടിയാണ് ഇത് ചേരുന്നത്.
‌കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുസ്‍ലിംകളുടെ ഇടയിലെ വിശ്വാസ്യത ഉയർത്തുന്നതിൽ പാർട്ടിക്കു സംഭവിച്ച അപചയം പരാമർശിക്കാതിരിക്കാനാവില്ല. ഒരു ഉദാഹരണം മാത്രം. ഇടതുപക്ഷ സാംസ്കാരിക നായകനും പ്രഭാഷകനുമായ കെ.ഇ.എന്നിനുനേർക്ക് അടുത്തിടെയായി ഉയർന്നുവരുന്ന വിമർശനങ്ങളുടെ സ്വഭാവം നോക്കിയാൽ മതി. ഒരു സെക്കുലർ സമൂഹത്തി​ൽ മുസ്‍ലിംകൾ അനുഭവിക്കുന്ന രണ്ടാംകിട പൗരത്വത്തെക്കുറിച്ചും വിവേചനത്തെയും കുറിച്ച് അദ്ദേഹം പറഞ്ഞുതുടങ്ങുന്നതുമുതൽ പാർട്ടിക്കകത്തുനിന്നുപോലും അദ്ദേഹം ഒറ്റപ്പെട്ടുപോയതുപോലെയുള്ള പ്രതീതി ഉണ്ടായിട്ടുണ്ട്.

ഇന്ന് നടക്കുന്ന സെമിനാറിൽ അദ്ദേഹ​ത്തി​ന്‍റെ അസാന്നിധ്യം ​ശ്രദ്ധേയവുമാണ്. മുസ്‍ലിം സ്വത്വം പേരിൽ പോലും എടുത്തണിയാത്ത കെ.ഇ.എൻ സമൂഹ മാധ്യമങ്ങളിൽ തീവ്രവാദി വിളികളാൽ ആക്രമിക്കപ്പെടുന്നതിൽ നല്ലൊരളവ് പാർട്ടി അണികളിൽ നിന്നുകൂടിയാണ്.
‌ഇടതുപക്ഷം അനിവാര്യമായും ഉൾചേർത്തിരിക്കേണ്ട സ്വത്വ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞുതുടങ്ങിയ ആളാണ് കെ.ഇ.എൻ. അതേറ്റവും ഉജ്ജ്വലമായ രാഷ്ട്രീയമായിരുന്നു. എന്നാൽ, അതിനുശേഷം അദ്ദേഹം പല നിലക്ക് ഒറ്റപ്പെടുക​യോ അരികുവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിഭിന്ന വർഗങ്ങളെപോലെ വിഭിച്ച സ്വത്വങ്ങളിൽ പെട്ടവരെയും ഇടതുപരിപ്രേക്ഷ്യത്തിലേക്ക് ഉൾചേർത്ത് പാർട്ടിയെയും അതുവഴി ജനാധിപത്യത്തെയും ശക്തിപ്പെടുത്തേണ്ടതിന് പകരം അന്യവൽക്കരണമാണ് മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കടക്കം കഴിഞ്ഞ പതിറ്റാണ്ടുകളിൽ അനുഭവിക്കേണ്ടിവന്നത്. അതി​ന്‍റെ ഒരു പ്രത്യാഘാതമായി, ഇടതുവിരുദ്ധത മുഖമുദ്രയാക്കിയ മുസ്‍ലിം സംഘടനകൾ ഈ ജനതയുടെ സംരക്ഷകരായി രംഗപ്രവേശം ചെയ്യുന്നതായി വന്നു. അതുവഴി അപകടകരമായ സ്വത്വ രാഷ്ട്രീയം മുസ്‍ലിംകളിലെ ന്യൂനാൽ ന്യൂനപക്ഷങ്ങളിലേക്ക് കുടിയേറി. പാർട്ടിയുടെ വലതുപക്ഷ വ്യതിയാനവും ചില വിഭാഗങ്ങളോടുള്ള അസ്പൃശ്യതയും ഒക്കെ അതിനു വളമേകി.
‌പാർട്ടിയിൽ മുസ്‍ലിംകൾക്ക് അവിശ്വാസം മുളപൊട്ടി എന്നത് യാഥാർഥ്യമാണ്. ഇക്കാലയളവിൽ സംഘ്പരിവാര​ത്തെ എതിരിടാൻ വിശ്വസിച്ച് നിൽക്കാവുന്ന ചേരി എന്നതിൽ അവരിൽ സംശയമുണ്ടായി. വോട്ടുബാങ്ക് രാഷ്ട്രീയതിനപ്പുറം പാർട്ടിയുടെ സംഘ് വിരുദ്ധത മൂർത്തമായതല്ല എന്ന് പല സന്ദർഭങ്ങളിൽ വെളിപ്പെട്ടു. സി.എ.എ വിരുദ്ധ സമരകാലത്തിൽ ഈ സർക്കാർ എടുത്ത ഡസൻ കണക്കിനു കേസുകൾ പിൻവലിക്കാതെ കിടക്കുന്ന​തൊക്കെ എടുത്തുപറയേണ്ടതു തന്നെയാണ്. ഈ അവിശ്വാസത്തെ മറികടക്കാൻ ഇപ്പോൾ വീണു കിട്ടിയ അവസരമായി യു.സി.സിയെ പാർട്ടി ഉപയോഗിക്കുക്കയാണെന്ന ആരോപണവും ശക്തമാവുന്നത് അതുകൊണ്ടൊക്കെ കൂടിയാണ്. രക്ഷാകർതൃത്വത്തിനുവേണ്ടിയുള്ള പിടിവലിയിൽ വിട്ടുകൊടുക്കാൻ മുസ്ലിം ലീഗും തയ്യാറല്ല.

‌ എല്ലാ സംഘടനകളിലേക്കും ഗ്രൂപുകളിലേക്കുമുള്ള സംഘ്പരിവാരത്തി​െന്‍റ നുഴഞ്ഞുകയറ്റം ഇടതു പാർട്ടികളിലും സംഭവിച്ചിട്ടുണ്ട്. കോൺഗ്രസ്
‌നേര​ത്തെതന്നെ സംഘ്പരിവാരത്തി​െന്‍റ ബി ടീമെന്നവണ്ണം പ്രവർത്തിച്ച് മുസ്‍ലിം വിരുദ്ധതയിൽ പല സന്ദർഭങ്ങളിലായി യോഗ്യത തെളിയിച്ചുകഴിഞ്ഞതാണ്.

‌ മറ്റൊന്ന്, സി.പി.എമ്മി​െന്‍റ തീവ്രത പോരാഞ്ഞ് അതിൽ നിന്നും വിട്ടുപോയ ആർ.എം.പിക്കാർ രണ്ടുവർഷം മുമ്പ് കോഴിക്കോട് ​നടത്തിയ വിജയൻ മാഷ് അനുസ്മരണത്തിൽ നടന്ന ഒരു സംഭവം. അന്ന് പ്രമുഖ ആക്ടിവിസ്റ്റ് പ്രഫ. നീര ചന്ദോക്ക് നടത്തിയ അനുസ്മര പ്രഭാഷണത്തിൽ കശ്മീർ വിഭജനത്തി​െന്‍റയും പ്രത്യേകാവകാശ നിയമം എടുത്തുകളഞ്ഞതിനെയും വിമർ​ശിച്ചു സംസാരിച്ചപ്പോൾ അതിനെതിരെ എഴുന്നേറ്റുനിന്ന് ചോദ്യം ചെയ്ത് ക്ഷുഭിതനായി സംസാരിച്ചത് ഒരു ആർ.എം.പി മെമ്പർ ആയിരുന്നു! ആശയമായും ആളായും ഇൻഫിൽട്രേഷൻ അത്രത്തോളം ആഴത്തിൽ സംഭവിച്ചുകഴിഞ്ഞു എന്നതിന് ഇതൊക്കെ പോരെ തെളിവ്?



‌ഹിന്ദുത്വ രാഷ്ട്രം എന്നത് സൂപ്പർ കോർപറേറ്റ് രാഷ്ട്രമായിരിക്കുമെന്നും അവിടെ 80 ശതമാനം ജനങ്ങളും നിലവിലുള്ളതിനേക്കാൾ മോശമായ അവസ്ഥയിൽ കൊള്ളയടിക്ക് വിധേയരായി ജീവിക്കേണ്ടിവരുമെന്നമുള്ള ബോധമാണ് അടിയന്തരമായി ഉണ്ടോവേണ്ടത്. ജാതി മത ഭേദമന്യേ ഇന്ത്യൻ ജനതക്ക് അനുഭവിക്കാനുള്ള ഭൂസമ്പന്നത്തും ഇതര വിഭവങ്ങളും തൊഴിൽ സ്ഥിരതയും ഒ​ക്കെ കൊള്ളയടിക്കാനായി തീറെഴുതുന്ന തിരക്കിലാണിവരെന്നുമുള്ള കോർപറേറ്റ് വിരുദ്ധ ​പൊതുബോധം ഉണ്ടാക്കാനെങ്കിലും ഈ പാർട്ടികൾക്കു കഴിഞ്ഞിരുന്നു​ങ്കെിൽ യു.സി.സിയുടെ പേരിൽ ഇങ്ങനെ ഇരുട്ടിൽ തപ്പേണ്ട ഗതികേടുണ്ടാവുമായിരുന്നില്ല. കഴുത്തറ്റം മുങ്ങിയ ഈ അവസ്ഥയിൽ ഇനിയെങ്കിലും അധികാര-വോട്ടു ബാങ്കു രാഷ്ട്രീയം മാറ്റിവെച്ച് യഥാർഥ പ്രശ്നങ്ങൾക്കുനേരെ അവശേഷിക്കുന്ന ജനാധിപത്യ വിശ്വാസികളെയും ഇരകളാക്കപ്പെടുന്ന നാനാ ജാതി മത വിഭാഗങ്ങളെയും മുന്നിൽ കണ്ട് മാസ് കാമ്പയിൻ നടത്താൻ ഇറങ്ങിയാൽ കൊള്ളാം. വോട്ടു ബാങ്ക് രാഷ്ട്രീയം മാറ്റിവെക്കൂ. ചുവരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാനാവൂ. ചുവരുകൾ അതിവേഗം പൊളിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധ്യമെങ്കിലും ഈ സന്ദർഭത്തിൽ ഉണ്ടാവട്ടെ.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x