fbpx
Headlines

വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ ഇനി സാധാരണക്കാരിലേക്ക്.

ചാണപ്പാറ: വെറ്റിനറി യൂണിവേഴ്സിറ്റി സേവനങ്ങൾ ഇനി സാധാരണക്കാരിലേക്ക്.
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയുടെ പ്രാദേശിക മൃഗ സംരക്ഷണ സംരംഭകത്വ വികസന പരിശീലന പദ്ധതിയായ സമന്വയം ഉദ്ഘാടനം ചെയ്തു. സമന്വയം സെന്ററായി തെരെഞ്ഞെടുത്ത ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയിൽ വെച്ചാണ് ഉദ്‌ഘാടന സമ്മേളനം നടന്നത്.

വയനാട് ജില്ലയിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയാണ് കേരളത്തിലെ ആദ്യത്തെ വെറ്റിനറി സർവ്വകലാശാല. കേരളത്തിലെ പതിനാലു ജില്ലകളിൽ 6 ജില്ലകളിൽ മാത്രമാണ് ഇതുവരെ യൂണിവേഴ്‌സിറ്റിക്ക് ക്യാമ്പസ്സുകളും ഗവേഷണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. സർവ്വകലാശാലക്ക് സാന്നിധ്യമില്ലാത്ത മറ്റു ജില്ലകളിൽകൂടി സർവ്വകലാശാലയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിവിധ ജില്ലകളിൽ പ്രാദേശിക മൃഗ സംരക്ഷണ സംരംഭകത്വ വികസന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

കൊല്ലം ജില്ലയിലെ എ-പ്ലസ്സ് ഗ്രേഡ് ഗ്രന്ഥശാലയായ സന്മാർഗ്ഗദായിനി സ്മാരക വായനശാലയാണ് ഈ പദ്ധതി പ്രകാരം കേരളത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സമന്വയം സബ്ബ് സെന്റർ. മൃഗ സംരക്ഷണം ക്ഷീര വികസനം മേഖലയിൽ സർവ്വകലാശാലയുടെയും വകുപ്പിന്റെയും വിധ പദ്ധതികളും പരിപാടികളും സമന്വയം സെന്ററിലൂടെ സാധാരണ കർഷകരിലേക്ക് എത്തിക്കുക, കർഷകർക്ക് വേണ്ട പരിശീലനങ്ങൾ, ക്ലാസുകൾ സംഘടിപ്പിക്കുക, മൃഗസംരക്ഷണ മേഖലയിൽ അറിവ് നൽകുന്ന വിജ്ഞാന കേന്ദ്രമായി പ്രവർത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമന്വയം പദ്ധതിക്ക് പിന്നിലുള്ളത്. ശാസ്ത്രീയമായ രീതിയിലുള്ള മൃഗപരിപാലനം മികച്ച വരുമാനം ലഭ്യമാക്കുന്നതിന് കർഷകരെ സഹായിക്കുമെന്നും എല്ലാ മാസവും സമന്വയം സെൻ്ററിൽ കർഷകർക്ക് ഉപയോഗ പ്രദമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വെറ്റിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ആർ.ശശിന്ദ്രനാഥ് പറഞ്ഞു.

ഉദ്‌ഘാടന സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 9.30 മുതൽ മൃഗസംരക്ഷണ വിജ്ഞാന വ്യാപന പരമ്പരയുടെ ഭാഗമായുള്ള നന്മയുള്ള മഴക്കാലം സെമിനാർ സെഷൻ നടന്നു. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.എം.ആർ ശശിന്ദ്രനാഥ്‌ യോഗത്തിനു അധ്യക്ഷത വഹിച്ചു, സമന്വയം സെന്റർ ഉദ്‌ഘാടനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്‌ടർ ഡോ. എ. കൗശിഗൻ നിർവ്വഹിച്ചു. മൃഗസംരക്ഷണ ലൈബ്രറി കോർണറിന്റെ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു.

സമന്വയം പദ്ധതി ഇമ്പ്ലിമെൻ്റിങ് ഓഫീസർ ഡോ. മുഹമ്മദ് അസ്‌ലം എം. കെ നന്ദി പറഞ്ഞു. കെ.എൽ.ഡി ബോഡ് മാനേജിങ് ഡയറക്ടർ ഡോ. ആർ രാജീവ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. അനിൽകുമാർ എസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ ബി.എസ്, കെ എൽ ഡി ബോർഡ് കുളത്തുപ്പുഴ മാനേജർ ഡോ. അരുൺകുമാർ, ഇട്ടിവ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.ഗിരിജമ്മ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജെ.സി.അനിൽ, കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി പ്രൊ. ബി ശിവദാസൻ പിള്ള ഗ്രന്ഥശാല പ്രസിഡൻ്റ് ജി.എസ്.പ്രിജിലാൽ എന്നിവർ പങ്കെടുത്തു

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x