സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേരിയ മുന്നേറ്റം. 17 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ എട്ടിടത്ത് യുഡിഎഫ് വിജയം കണ്ടു. ഏഴിടങ്ങളിൽ എൽഡിഎഫ് വിജയം സ്വന്തമാക്കിയപ്പോൾ ഒരിടത്ത് എൻഡിഎയും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയം കണ്ടു. കൊല്ലത്തും, പാലക്കാടും ഓരോ വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ കൊല്ലം ആദിച്ചനെല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാർഡ് സിപിഎമ്മിൽ നിന്നും ബിജെപി പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പ് നടന്ന കണ്ണൂർ ജില്ലയിലെ രണ്ട് വാർഡുകൾ എൽഡിഎഫ് നിലനിർത്തി. ധർമടം പഞ്ചായത്തിലെ പരിക്കടവ്, മുണ്ടേരി പഞ്ചായത്തിലെ തടിയോട് വാർഡുകളിലാണ് എൽഡിഎഫ് ജയം.
കോഴിക്കോട് ജില്ലിയിലെ വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാർഡിൽ യുഡിഎഫ് വിജയം കണ്ടു. മലപ്പുറം തുവ്വൂർ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം വാർഡിൽ ലീഗ് സ്ഥാർഥി ജയിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് വാർഡിൽ യുഡിഎഫിന് ജയം. ചുങ്കത്തറ പഞ്ചാത്തിലെ കാളക്കുന്ന് വാർഡിൽ സ്വതന്ത്ര്യ സ്ഥാനാർഥി വിജയിച്ചു. പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ താന്നിക്കുന്ന വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴ തലവടി പഞ്ചായത്തിലെ കടമ്പനാടി വാർഡിൽ എൽഡിഎഫ് ജയിച്ചു. പള്ളിപ്പുറം പഞ്ചായത്ത് വാർഡ് യുഡിഎഫ് വിജയിച്ചു. എറണാകുളം ജില്ലയിലെ എഴിക്കര പഞ്ചായത്തിലെ വടക്കുപുറം, വടക്കേക്കര പഞ്ചായത്തിലെ മുറവൻ തുരുത്ത് മൂക്കന്നൂർ പഞ്ചായത്തിലെ കൊക്കുന്ന് വാർഡുകളിൽ യുഡിഎഫ് വിജയം കണ്ടു.