ഏകീകൃത സിവിൽ കോഡിൽ ക്രിസ്ത്യൻ മതവിഭാഗത്തിന്റെ ആശങ്ക അറിയിക്കാൻ മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ഇക്കാര്യം തീരുമാനമായതെന്ന് ദി മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
യു.സി.സിയുടെ പരിധിയിൽ നിന്ന് ക്രിസ്ത്യാനികളെയും ആദിവാസി മേഖലകളിലെ ചില വിഭാഗങ്ങളെയും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.
നാഗാലാൻഡിന് ഭരണഘടനയിലുള്ള പ്രത്യേക പദവിയായ ആർട്ടിക്കിൾ 371 എ സംബന്ധിച്ച ആശങ്കയും പ്രതിനിധി സംഘം കേന്ദ്രത്തെ അറിയിച്ചെന്നും സർക്കാർ വക്താവും മന്ത്രിയുമായ കെ.ജി. കെനി പറഞ്ഞു.
‘ക്രിസ്ത്യാനികളെയും ചില ഗോത്രവർഗ മേഖലകളെയും 22-ാമത് ലോ കമ്മീഷന്റെ പ്രവർത്തനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് കേന്ദ്രം സജീവമായി പരിഗണിക്കുകയാണെന്ന് അമിത് ഷാ ഞങ്ങളോട് പറഞ്ഞു.
നാഗാലാൻഡിന്റെ ആറ് കിഴക്കൻ ജില്ലകളെ ഉൾക്കൊള്ളുന്ന ഫ്രോണ്ടിയർ നാഗ ടെറിട്ടറി എന്ന പേരിൽ ഒരു സ്വയംഭരണ കൗൺസിൽ രൂപീകരിക്കാനുള്ള പുതിയ തീരുമാനത്തിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണ്,’ കെ.ജി. കെനി പറഞ്ഞു.
ഏകീകൃത സിവിൽകോഡ് പരിധിയിൽ നിന്ന് ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പാർട്ടി ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് സുശീൽ കുമാർ തന്റെ നിലപാട് അറിയിച്ചിരുന്നത്.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾക്ക് പ്രത്യേക ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്ത സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനാണ് സുശീൽ കുമാർ മോദി.