കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ട് ബി.ജെ.പി കൗൺസിലർമാർ രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു.എസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് കൗൺസിലർ സ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാലിൻ്റെയും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉല്ലാസിന്റെയും മാനസിക പീഡനത്തിലും ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ഇവർ വ്യക്തമാക്കി. ആകെയുള്ള 18 സീറ്റുകളിൽ ബി.ജെ.പിക്ക് 9 കൗൺസിലർമാരുണ്ടായിരുന്നു. സി.പി.എമ്മിന് അഞ്ചും കോൺഗ്രസിനും എസ്.ഡി.പി.ഐയ്ക്കും വീതം കൗൺസിലർമാരുമാണ് ഉള്ളത്.
ബി.ജെ.പിയിൽനിന്ന് രാജിവച്ച രണ്ട് കൗൺസിലർമാരും സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ സി.പി.ഐയ്ക്കും ബി.ജെ.പിക്കും ഏഴ് വീതം കൗൺസിലർമാരാകും. കോൺഗ്രസിന്റെയോ എസ്.ഡി.പി.ഐയുടെയോ പിന്തുണ സ്വീകരിച്ചാൽ സി.പി.എമ്മിന് ബി.ജെ.പിയിൽനിന്ന് പിടിച്ചെടുക്കാൻ സാധിക്കും. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കോൺഗ്രസുമായോ എസ്.ഡി.പിഐയുമായോ കൂട്ടുകൂടിയാൽ അത് രാഷ്ട്രീയമായി സി.പി.എമ്മിന് തലവേദനയും സൃഷ്ടിച്ചേക്കും. പ്രത്യേകിച്ച് എസ്.ഡി.പി.ഐയുമായുള്ള കൂട്ടുകെട്ട് രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവച്ചേക്കും.
ഇന്ന് വൈകിട്ട് 5.30ന് രാജിവച്ച ബി.ജെ.പി കൗൺസിലർമാർ പത്രസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിൽ ഇവർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയേക്കും. ആഴ്ചകൾക്ക് മുമ്പാണ് ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് ബി.ജെ.പി അംഗങ്ങൾ രാജി വച്ചത്