ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾക്കായി നിരവധി മലയാളികളാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നത്.
ഈ സീസൺ മുതലെടുക്കുകയാണ് അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍. ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക് കേട്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാർ.
ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 6000 രൂപയാണ് സ്വകാര്യ ബസുകളിലെ നിരക്ക്. ട്രെയിനുകളിൽ വിഷുവരെയുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോഴേ വെയ്റ്റിങ് ലിസ്റ്റിൽ ആണ്.
കൊച്ചിയിലേക്ക് 3200 മുതൽ മുകളിലേക്കാണ് നിരക്ക് . ഇതോടെ നാലംഗകുടുംബത്തിന് നാട്ടിൽ ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ യാത്രയ്ക്ക് മാത്രമായി 20,000 രൂപ കണ്ടെത്തേണ്ട അവസ്ഥയാണ് . നാട്ടിലേക്കുള്ള വരവ് തന്നെ മാറ്റി വയ്ക്കുകയാണ് പലരും.
ബംഗളൂരു മലയാളികൾക്ക് നാട്ടിൽ പോവാനുള്ള പെട്ടെന്നുള്ള ഏകമാർഗ്ഗം രാത്രികാല സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ്. എന്നാൽ ഉത്സവകാലത്ത് യാത്രക്കാരെ ഞെക്കിപ്പിഴിയാൻ കാത്തിരിക്കുകയാണ് ബസ് ഉടമകൾ.
വിമാന കമ്പനികളും തിരക്കു മുൻകൂട്ടി കണ്ടു ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്. കൊച്ചിയിലേക്ക് വരുംദിവസങ്ങളിൽ 13, 000 രൂപയാണ് കുറഞ്ഞ നിരക്ക്.


