ചെന്നൈയിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്നു മരണം. ആൽവാർപെട്ട് നഗരത്തിലെ തിരക്കേറിയ ചാമിയേർ റോഡിലുള്ള സെഖ്‌മട് ബാറിന്റെ മേൽക്കൂര തകർന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയിലെ മേൽക്കൂരയാണ് തകർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഐപിഎൽ മത്സരങ്ങൾ പ്രദർശിപ്പിച്ചിരുന്നതിനാൽ നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നു. പബ്ബ് അടച്ചതായി പോലീസ് അറിയിച്ചു.
ഡിൻഡിഗൽ സ്വദേശി സൈക്ലോൺ രാജ് (45), മണിപ്പൂർ സ്വദേശികളായ കുടിയേറ്റ തൊഴിലാളികൾ മാക്‌സ്, ലോല്ലി എന്നിവരാണ് മരിച്ചത്. രാജ അണ്ണാമലൈ പുരത്തിലെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരുതം കോപ്ലക്‌സിലെ കമാൻഡോ സേനയിലെ അംഗങ്ങളും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കിഴക്കൻ ചൈന്നയിലെ ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് ജി ധർമരാജൻ നയിക്കുന്ന അന്വേഷണ സംഘവും സംഭവ സ്ഥലം നിരീക്ഷിക്കുന്നുണ്ട്.
