പത്തനാപുരം ഗാന്ധിഭവനിലെ പ്രിയപ്പെട്ട മകള്‍ ചൈതന്യ അയര്‍ലന്റിലേക്ക് യാത്രയായപ്പോൾ ഡോ. പുനലൂർ സോമരാജൻ്റെയും
അന്തേവാസികളുടെയും കണ്ണിൽ ആനന്ദ കണ്ണീർ…ചുണ്ടിൽ അനുഗ്രഹത്തിൻ്റെ പ്രാർത്ഥന.
മാതാപിതാക്കള്‍ മരണപ്പെട്ടതോടെ ഒറ്റപ്പെട്ടുപോയ ചൈതന്യയും രണ്ട് സഹോദരിമാരും 2010 ലാണ് ഗാന്ധിഭവനിലെത്തിയത്. ചൈതന്യക്ക് ഒന്നര വയസ്സുള്ളപ്പോൾ അമ്മയും 6 വയസ്സുള്ളപ്പോൾ അഛനും മരിച്ചു. ബന്ധുക്കൾ ഏറ്റെടുത്തെങ്കിലും മാസങ്ങൾക്കുള്ളിൽ അവർ ഒറ്റപ്പെട്ടു. മറ്റ് വീടുകളിൽ അടുക്കള ജോലി ചെയ്ത് ജീവിക്കേണ്ടി വന്നു. ഇവരുടെ ദുരിതം കണ്ട് ആലപ്പുഴ എസ്.ഡി സ്കൂളിലെ അദ്ധ്യാപകരാണ് ഇവരെ ഗാന്ധിഭവനിൽ എത്തിച്ചത്.
പാതിവഴിയില്‍ മുടങ്ങിയ മൂവരുടെയും പഠനം പുനരാരംഭിച്ചു. മൂത്തസഹോദരി സ്പെഷ്യല്‍ സ്‌കൂള്‍ ട്രെയിനിംഗ് കോഴ്സ് പഠിച്ചു, രണ്ടാമത്തെ സഹോദരി ജനറല്‍ നഴ്സിംഗും പാസ്സായി. ഇരുവരുടെയും വിവാഹം ഗാന്ധിഭവന്‍ നടത്തി. അവര്‍ ഇപ്പോൾ നല്ല നിലയില്‍ കഴിയുന്നു.
ചൈതന്യ ജനറല്‍ നഴ്സിംഗും പിന്നീട് പോസ്റ്റ് ബി.എസ്.സി നഴ്സിംഗും മികച്ച നിലയില്‍ പാസായി. കൊല്ലം ഉപാസന നഴ്സിംഗ് കോളേജില്‍ ലക്ചററായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചൈതന്യ വിദേശത്ത് പോകാനുള്ള പരീക്ഷ പാസ്സായതും അയർലൻ്റിലേക്ക് പോകാൻ അവസരമൊരുങ്ങിയതും.
ഇതിനിടയിൽ പാറശ്ശാല സ്വദേശിയും നഴ്സിങ്ങ് ബിരുദധാരിയുമായ അഖിൽ എസ് കമലുമായി വിവാഹ നിശ്ചയവും കഴിഞ്ഞു. ചൈതന്യ ആദ്യ അവധിക്ക് ഇനി നാട്ടിൽ വരുമ്പോൾ വിവാഹം നടത്താനാണ് ഉദ്ദേശമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.