പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് നേരത്തേ തയ്യാറെടുപ്പ് തുടങ്ങി ആര്‍എസ്പി. കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ പ്രവര്‍ത്തക സമ്മേളനം ചേര്‍ന്നു. എൻ.കെ.പ്രേമചന്ദ്രന് മൂന്നാം ഊഴം നൽകി മുന്നോട്ടുപോകാനാണ് തീരുമാനം.
ഷിബു ബേബി ജോണിന്‍റെ നേതൃത്വത്തിന് കീഴിലെ ആദ്യ തെരഞ്ഞെടുപ്പിന്‍റെ ചിട്ടവട്ടങ്ങളാണ് ആര്‍എസ്‍പി ഇത്തവണ പതിവിലും നേരത്തേ തുടങ്ങിയത്. യുഡിഎഫിന്‍റെ ഉറച്ച മണ്ഡലമെന്ന പ്രതീതിയുണ്ടെങ്കിലും ശക്തനായ എതിര്‍ സ്ഥാനാത്ഥിക്ക് വേണ്ടി ഇടതുമുന്നണി അന്വേഷണം തുടങ്ങിയതിനിടെയാണ് കാലേക്കൂട്ടിയുള്ള ഒരുക്കം.
2019ൽ കെ.എൻ.ബാലഗോപാലിനെ മലര്‍ത്തിയടിച്ച 1,48,869 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കുറയാതെയുള്ള വിജയമാണ് ലക്ഷ്യം. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് ആധിപത്യവും വേരോട്ടവുമുള്ള കൊല്ലം ജില്ലയിൽ പാര്‍ലെമെന്‍റ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ മുന്നണിക്കകത്തും പുറത്തും സ്വീകാര്യതയുള്ള എൻ.കെ.പ്രേമചന്ദ്രനല്ലാതെ മറ്റൊരു പേര് ആര്‍എസ്‍പിക്കില്ല. വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തും ശുദ്ധീകരിച്ചുമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. വീടുകൾ കയറി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്കെതിരായ പ്രാചാരണവും ഘട്ടംഘട്ടമായി നടത്തും.