പല്ലശ്ശനയിൽ ദമ്പതികളുടെ തലകൾ കൂട്ടിയിടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പോലീസിന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്തക്കെതിരെയാണ് വനിതാ കമ്മീഷന്റെ നടപടി
പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്. സച്ചിന്റെയും നവവധു സജ്‌ലയുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത് പിന്നിൽ നിന്ന അയൽവാസിയായിരുന്നു. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകൾ തമ്മിൽ കൂട്ടിമുട്ടിച്ചപ്പോൾ വധുവും വരനും പകച്ചു പോയി. വേദന കൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ടാണ് വരന്റെ വീട്ടിലേക്ക് ആദ്യമായി കയറിപ്പോയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ വിമർശനം ഉയരുകയും ചെയ്തു. തന്റെ നാട്ടിൽ ഇത്തരമൊരു ആചാരത്തെ കുറിച്ച് കേട്ടിട്ടുണ്ട് ഇത് കണ്ടിട്ടില്ല എന്ന് സച്ചിൻ പറഞ്ഞു. സജ്‌ല, അപ്രതീക്ഷിതമായ ആക്രമണത്തെത്തുടർന്ന് താൻ രോഷാകുലനായി, വേദന ഇല്ലായിരുന്നുവെങ്കിൽ പ്രതികരിക്കുമായിരുന്നുവെന്ന് വിശദീകരിച്ചു.
കോഴിക്കോട് മുക്കം സ്വദേശിയാണ് സജ്ല. ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ സജ്‌ലയ്ക്ക് താല്‍പര്യമില്ലെന്ന് സച്ചിന്‍റെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ തലകൾ കൂട്ടിയിടിപ്പിക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വന്നതെന്നും ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നുമായിരുന്നു സജ്‌ലയുടെ പ്രതികരണം. എവിടെയാണ് നിൽക്കുന്നത് എന്ന് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നും അവർ പറഞ്ഞു. പാലക്കാട്ട് ഇങ്ങനൊരു ആചാരമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറുവിഭാഗം പറയുന്നത് ഇത് പാലക്കാട്ടെ ആചാരമാണെന്നാണ്.