തലസ്ഥാനത്തെ നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്.
പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്.
കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്. കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ഏറ്റവും പുതിയ അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും. മലപ്പുറം ജില്ലയും നിപ ജാഗ്രതയിലാണ്. മഞ്ചേരിയിൽ ഒരാൾ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്