22 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് മടത്തറയിലെ നവീകരിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡ് നാളെ മുതൽ തുറക്കും. ചിതറ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾക്കായി ഒരുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി മാറിയ സ്റ്റാൻഡിൽ വാഹനഗതാഗതം വളരെ ദുഷ്കരമായ തിനെത്തുടർന്നാണ് അടച്ചിട്ടത്. പഞ്ചായത്ത് ഭരണസമിതി 2023- 24 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നവീകരിച്ചത്. തിരുവനന്തപുരം-ചെങ്കോട്ട അന്തർസ്സംസ്ഥാന പാതയിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡ് ആയതിനാൽ ഒട്ടേറെ യാത്രക്കാരാണ് മടത്തറയിൽ എത്തുന്നത്. 41 സ്വകാര്യ ബസുകളും ഒട്ടേറെ അന്തർസംസ്ഥാന സർവീസുകളും ഇവിടെ വന്നുപോകുന്നു. ടേക് എ ബ്രേക്ക് ഉൾപ്പെടെയുള്ള സംവിധാനവും മത്സ്യഫെഡിന്റെ മത്സ്യ വിപണനകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.