സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നാളത്തെ യോഗത്തിനുശേഷം നിരക്ക് വർധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നിരക്ക് വർദ്ധനക്ക് എതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. നാളെ ഈ കേസ് കോടതി വീണ്ടും പരിഗണിക്കും. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും. മുൻ വർഷങ്ങളിൽ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെ എസ് ഇ ബിയാണ് ഇപ്പോൾ വൈദ്യുതി പണം കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.
നേരത്തെ ഫെബ്രുവരിയിലും വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു. നാല് മാസത്തേക്കായിരുന്നു വർധനവ് ഉണ്ടായത് യുണിറ്റിന് 9 പൈസയുടെ വർധനവായിരുന്നു അന്ന് ഉണ്ടായത്. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനായിരുന്നു അന്ന് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപ പിരിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു കെ എസ് ഇ ബി- ക്ക് അന്ന് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷവും ജൂണിൽ യുണിറ്റിന് 25 പൈസ കെ എസ് ഇ ബി കൂട്ടിയിരുന്നു.