കടയ്ക്കലിൽ 1.75 കോടി രൂപ ചെലവിട്ട്
നിർമിച്ച വാതക ശ്മശാനത്തിൽ നിന്നുള്ള രൂക്ഷ ഗന്ധം സഹിക്കാനാവാതെ കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു.
കടയ്ക്കൽ പഞ്ചായത്തിലെ ചായിക്കോട്ട് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒന്നരമാസം മുമ്പാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്തിൻ്റെ ആധുനിക വാതക
ശ്മശാനം ചായിക്കോട്ട് ഉദ്ഘാടനം ചെയ്തത്.
തുടക്കം മുതൽ ഇവിടെ പ്രശ്നങ്ങളായിരുന്നു എന്നും ശരിയായ രീതിയിലല്ല ഇതിൻ്റെ പ്രവർത്തനമെന്നും നിർമാണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുള്ളതായും നാട്ടുകാർ ആരോപിക്കുന്നു.
മൃതദേഹം കത്തുമ്പോഴുള്ള പുക കുഴൽ വഴി മുകളിലേക്ക് പോകാതെ പരിസരമാകെ
വ്യാപിക്കും. ഒപ്പം മാംസവും മുടിയും കത്തുന്ന ഗന്ധവും. ഈ സമയം പ്രദേശവാസികൾക്ക് പുറത്തിനങ്ങാനാവാത്ത സ്ഥിതിയാണ്.
പലർക്കും മനംപുരട്ടലും ഛർദ്ദിയും ഉണ്ടാവുന്നു.
പ്ലാൻ്റിൻ്റെ നിർമാണത്തിലെ തകരാർ മൂലം മൃതദേഹം മുഴുവനും കത്താറില്ലെന്നും പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പല തവണ പഞ്ചായത്ത് അധികൃതർക്ക് പരാതിനൽകിയിരുന്നു.
പല തവണ വിദഗ്ധർ എത്തി പരിശോധന നത്തിയെങ്കിലും ഇപ്പോഴും പഴയ സ്ഥിതി തുടരുകയാണ്.
ജനവാസ മേഖലയിൽ ശ്മശാനം സ്ഥാപിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധം ശക്തമായിരുന്നു. അങ്കണവാടി, പകൽവീട്, പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് എന്നിവയോട് ചേർന്നാണ് വാതക ശ്മശാനം നിർമിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാതെ ശ്മശനത്തിൻ്റെ പ്രവർത്തനം നടത്താൻ ഇനി അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. മൃതദേഹവുമായി വരുന്ന വാഹനം ടൗണിൽ ചായിക്കോട് റോഡിൽ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.