സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക നൽകി പ്രതിസന്ധിയിൽ നിന്നും സ്ഥാപനത്തെ കരകയറ്റുന്നതിന് പകരം സ്ഥാപനത്തെ തകർക്കുന്ന നയങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജന:സെക്രട്ടറി ആർ.എസ് അബിൻ. സപ്ലൈകോയിൽ അവശ്യ ഭക്ഷ്യവസ്തുക്കളും, സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോരേടം ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്സിഡി സാധനങ്ങൾ വിലകൂട്ടി വിൽക്കാനുള്ള നീക്കം സാധനക്കാരെ രൂക്ഷമായി ബാധിക്കും.
ജീവനക്കാരും പാക്കിംഗ് തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. സപ്ലൈകോയുടെ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഒരു കാരണവശാലും നടപ്പിലാക്കരുത്. ഇത് നടപ്പിലാക്കിയാൽ വിപണിവിലയേക്കാളും സാധനങ്ങളുടെ വിലകൂടുന്നതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ റിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് വി.ഓ സാജൻ മുഖ്യ പ്രഭാഷണം നടത്തി.
കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ കെ.രാധാകൃഷ്ണപിള്ള, അമ്പലത്തിൽ നസീം, ഷജീല പോരേടം, കെട്ടിടത്തിൽ ശ്രീകുമാർ, വടക്കതിൽ നാസർ,യൂസഫ് ചേലപ്പള്ളി, പുളിമൂട്ടിൽ രാജൻ, ജുമൈലത്ത്, മണിലാൽ, സലിം വടക്കതിൽ, ശ്യാംരാജ്, രാജേഷ്.ആർ.നായർ, വിളക്കുപാറ രത്നാകരൻ, നൗഫൽ, സുനി പോരേടം തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ടർ : യൂസഫ്



