പെരുമ്പാവൂർ രായമംഗലത്ത് പ്രണയ പകയിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്കാ ബെന്നിയാണ് മരിച്ചത്. ആലുവയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോട് കൂടിയാണ് അൽക്ക മരിച്ചത്.
സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുവാവ് പെൺകുട്ടിയോട് ഇഷ്ടം പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വീടിന് മുൻവശത്ത് സിറ്റൗട്ടിൽ ഇരുന്ന പെൺകുട്ടിയെ വഴിയിൽ നിന്ന് ഓടിവന്ന ബേസിൽ വെട്ടിയത് അപ്രതീക്ഷിതമായാണ്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറാൻ പോലും പെൺകുട്ടിക്ക് സാധിച്ചില്ല. ബേസിലിൻറെ കൈവശം വെട്ടുകത്തിക്ക് പുറമെ ഒരു ബാറ്റും ഉണ്ടായിരുന്നു.