കിളിമാനൂര്‍ സ്വദേശിനി ;
നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലിൽ കിടന്നുറങ്ങിയിരുന്ന ആ പാവം ‘ആൺകുട്ടി’യെ ആരും മൈൻഡ് ചെയ്തിരുന്നില്ല.
പെരുമ്പാവൂർ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ നടപ്പന്തലിൽ ആരോരുമറിയാതെ മൂന്നുമാസത്തോളമാണ് ആ കുട്ടി രാത്രി കഴിച്ചുകൂട്ടിയത്.
ആ കുട്ടി ഇപ്പോൾ പെരുമ്പാവൂർ മാർത്തോമ വനിത കോളേജിലെ ചെയർപേഴ്‌സനായിരിക്കുന്നു – കെ.എൽ. രജിത.
ആൺകുട്ടികളെപ്പോലെ മുടിവെട്ടി, ഷർട്ടും പാന്റ്സുമിട്ട് ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന രജിതയെ ആരും സംശയിച്ചില്ല, തിരിച്ചറിഞ്ഞതുമില്ല. കോളേജിലെ ചരിത്ര – പുരാവസ്തു വിഭാഗം ഒന്നാം വർഷ വിദ്യാർഥിനിയാണ് കിളിമാനൂർ സ്വദേശി രജിത.
കുടുംബത്തിലെ ദുരവസ്ഥകളിൽനിന്ന് രക്ഷപ്പെട്ട് ഓടിയെത്തിയതാണ് രജിത പെരുമ്പാവൂരിൽ.
എട്ടുകൊല്ലം മുൻപ് അമ്മ റീന മരിച്ചു. അതോടെ രജിതയുടെ ജീവിതം ഇരുളിലായി. കൂലിപ്പണിക്കാരനായ അച്ഛൻ കുടക് സ്വദേശിയാണ്.
ഏക സഹോദരൻ അച്ഛനോടൊപ്പം താമസിക്കുന്നു.
Govt Hss Kilimanoor ആണ്
രജിത പ്ലസ് ടു വരെ പഠിച്ചത്. വീട്ടിൽ താമസിച്ച് തുടർന്നുപഠിക്കാൻ നിവൃത്തിയില്ലാതായതോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. സ്‌കൂളിൽ കബഡി താരമായിരുന്ന രജിതയ്ക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ വഴുതക്കാട് വിമെൻസ് കോളേജിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചു. സ്‌പോർട്‌സിലൂടെ പരിചയപ്പെട്ട ചെന്നൈ സ്വദേശിനി കാമിയുടെ സംരക്ഷണയിലാണ് രണ്ടുകൊല്ലം കഴിഞ്ഞത്. അവർ ചെന്നൈക്ക് മടങ്ങിയപ്പോൾ രജിതയുടെ പഠനം മുടങ്ങി. പിന്നീടാണ് മാർത്തോമ കോളേജിൽ പ്രവേശനം നേടിയത്.
കഴിഞ്ഞ മാർച്ചിൽ രജിത പെരുമ്പാവൂരിലെത്തി. ഇവിടെ പരിചയക്കാർ ആരുമുണ്ടായിരുന്നില്ല. ജൂലായിൽ ക്ലാസ് തുടങ്ങുംവരെയുള്ള ദിവസങ്ങളിൽ മറ്റെങ്ങും അഭയം തേടാനില്ലായിരുന്നു. അങ്ങനെയാണ് രാത്രി പെരുമ്പാവൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കഴിച്ചുകൂട്ടിയത്.
മിക്ക ദിവസങ്ങളിലും ക്ഷേത്രത്തിൽ നിന്നു ലഭിച്ച നിവേദ്യ പായസവും ഉണ്ണിയപ്പവും കഴിച്ച് വിശപ്പടക്കി. തന്റെ ദുഃഖങ്ങളും ജീവിത സാഹചര്യങ്ങളും ആരെയും അറിയിക്കാൻ താത്‌പര്യമുണ്ടായിരുന്നില്ലെന്ന് രജിത. രാത്രി ക്ഷേത്രത്തിൽ കഴിച്ചുകൂട്ടും. രാവിലെ പ്രാഥമികാവശ്യങ്ങൾക്കും മറ്റുമായി ഒന്നാംമൈലിൽ ചില സുഹൃത്തുക്കൾ താമസിച്ചിരുന്ന ഹോസ്റ്റലിലാണ് പോയിരുന്നത്. ഹോസ്റ്റലിലെ രണ്ടോ മൂന്നോ കൂട്ടുകാർക്കു മാത്രം രജിതയുടെ കാര്യങ്ങൾ അറിയാമായിരുന്നു.
പിന്നീട് കോളേജിലെ ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപകൻ വിനീത് കുമാറിനോട് വിവരങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഹോസ്റ്റലിൽ താമസം തരപ്പെടുത്തിയത്. ഭക്ഷണം, വസ്ത്രം തുടങ്ങിയവയെല്ലാം അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെയാണ് നടക്കുന്നത്.
നെഞ്ചിനുള്ളിൽ കനലെരിയുന്ന നെരിപ്പോടുമായി കഴിയുമ്പോഴും ചുരുങ്ങിയ നാളുകൾക്കകം അവൾ കോളേജിൽ എല്ലാവരുടെയും പ്രിയങ്കരിയായി. സ്‌കൂളിൽ പഠിക്കുമ്പോൾ ജൂനിയർ വിഭാഗം കബഡിയിൽ ഇന്ത്യൻ ക്യാമ്പിൽ കളിച്ചിട്ടുണ്ട്.
അണ്ടർ 16, 19, 23 വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ലാ ടീമിനു വേണ്ടി ക്രിക്കറ്റ് കളിച്ചു. വ്യാഴാഴ്ച നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 186-നെതിരേ 269 വോട്ടുനേടിയാണ് രജിത വിജയിച്ചത്.
രജിതയുടെ മുഴുവൻ പഠന ചിലവുകളും നിർഭയം പെരുമ്പാവൂർ ഏറ്റെടുത്തതായി ചെയർമാൻ എൻ സി മോഹനൻ അറിയിച്ചു….!