സംസ്ഥാന ബജറ്റിൽ രണ്ടരക്കോടി രൂപ ചെലവിൽ തട്ടത്തുമല ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് വേണ്ടി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.
ഒന്നര വർഷങ്ങൾക്ക് മുൻപ് പണി പൂർത്തിയാക്കാനുള്ള തുടർനടപടികൾ സ്വീകരിച്ചുവരവേ സ്വകാര്യ ഭൂഉടമകൾ ഉദ്യമത്തിനെതിരെ തർക്കം ഉന്നയിച്ചതിനെ തുടർന്ന് പണി തടസ്സപ്പെടുകയായിരുന്നു.
തട്ടത്തുമല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറിതലം മുതൽ ഹയർസെക്കൻഡറി വരെയും എൻജിനീയറിംഗ് വിദ്യാർത്ഥികൾ, മദ്രസ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരടക്കം നൂറുകണക്കിന് ആളുകൾ ദിനംപ്രതി റോഡ് മുറിച്ച് കടക്കുമ്പോൾ അപകടങ്ങൾ വർദ്ധിക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് തുടർക്കഥയാണ്.
ഇക്കഴിഞ്ഞ ദിവസം സർവ്വീസിൽ നിന്നും വിരമിച്ച അധ്യാപിക റോഡ് മുറിച്ച് കടക്കവെ ബൈക്ക് തട്ടി മരണപ്പെട്ടത് നാട്ടുകാരിൽ ഭയാശങ്ക ഉളവാക്കിയിട്ടുണ്ട്.
പഴയകുന്നുമ്മേൽ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും അടിയന്തരയോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടുകയും മേൽപ്പാല നിർമ്മാണം ത്വരിതപ്പെടുത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എൻ. സലിൽ, പഞ്ചായത്ത് അംഗങ്ങളായ പി.ഹരീഷ്, ചെറുനാരകംകോഡ് ജോണി ,എസ് ദീപ, അജീഷ് ജി എൽ, ശ്യാം നാഥ് എസ് , അജ്മൽ എൻ.എസ്,ഷീജ സുബൈർ, പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ് പുത്തൻവീട്ടിൽ, അസിസ്റ്റൻറ് എൻജിനീയർ സുബോധ് , തട്ടത്തുമല എച്ച്എസ്എസ് പിടിഎ പ്രസിഡൻറ്
കെ ജി .ബിജു, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എസ്. യഹിയ എന്നിവർ പങ്കെടുത്തു.