സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിരൽത്തുമ്പിലെ വോട്ടടയാളത്തിന് ഒന്നേകാൽ കോടിയിലേറെ രൂപയുടെ ചെലവ്. വോട്ട് രേഖപ്പെടുത്താൻ എത്തുന്നവരുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പുരട്ടുന്ന മായാത്ത (ഇൻഡെലിബ്ൾ) മഷിക്കാണ് ഇത്രയും വില.
63,000 ചെറു ബോട്ടിലുകളാണു തിരഞ്ഞെടുപ്പു കമ്മിഷൻ വാങ്ങിയത്. ഇതിന്റെ വിലയായി 1,29,54,040 രൂപ സർക്കാർ അനുവദിച്ചു. ഒരു ബോട്ടിലിന് ഏകദേശം 205 രൂപ. സാധാരണ ഒരു ബൂത്തിലേക്ക് 20 മില്ലി ലീറ്ററിന്റെ ഒരു കുപ്പി മതിയാകുമെങ്കിലും കരുതലായി ഒരെണ്ണം കൂടി നൽകാറുണ്ട്.
ഇന്ത്യയിൽ ഔദ്യോഗികമായി ഈ മഷി നിർമിക്കാൻ അനുമതിയുള്ള ഏക സ്ഥാപനമായ മൈസൂരു പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് ആണ് 1962 മുതൽ ഇതു നിർമിക്കുന്നത്. നാഷനൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യ അംഗീകരിച്ച സിൽവർ നൈട്രേറ്റിന്റെ രഹസ്യ മിശ്രിതമാണ് ഇതിലെ കൂട്ട്.

