വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ.
പെരുമ്പാവൂർ, കുവ്വപ്പടി, മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബു (44) വിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. യു.കെ യിൽ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ – രേഖാചന്ദ് ദമ്പതികളുടെ ഉടമസ്ഥയിലുള്ള കാട്ടുചന്ത, തലവിളയിലെ ഒരേക്കർ വരുന്ന പറമ്പിലെ മരങ്ങളാണ് മുറിച്ചു കടത്തിയത്.
റബ്ബർ ടാപ്പിംഗ് തൊഴിലാക്കിയ പ്രതി ഭാര്യാസമേതം രണ്ടുവർഷമായി ഈ പറമ്പിലുള്ള വീട്ടിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്.15 ലക്ഷം രൂപ വിലവരുന്ന 14 തേക്ക്, 2 പ്ലാവ്, മാവ്, മഹാഗണി എന്നീ മരങ്ങളാണ് 2023 നവംബർ,ഡിസംബർ മാസങ്ങളിലെ പലദിവസങ്ങളിലായി പ്രതി മുറിച്ചു കടത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരങ്ങൾ മുറിച്ചു കടത്തിയ വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. തുടർന്ന് ബന്ധുക്കൾ കിളിമാനൂർ പോലീസിൽ പരാതി നല്കി.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
മുറിച്ചു കടത്തിയ തടികളുടെ 50% ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് തടിയുടെ ബാക്കി ഭാഗം കണ്ടെത്തുന്നതിനായുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി എ. പ്രദീപ്കുമാറിൻ്റെ നിർദ്ദേശപ്രകാരം കിളിമാനൂർ എസ്എച്ച്ഒ ബി.ജയൻ, എസ്ഐമാരായ വിജിത്ത് കെ നായർ, രാജികൃഷ്ണ, ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.