സ്റ്റാർ മാജിക് താരവും നടനുമായിരുന്ന കൊല്ലം സുധിയ്ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ മാറും മുന്നേ മറ്റൊരു അപകട വാർത്ത കൂടി എത്തിയിരിക്കുകയാണ്. സുധിയുടെ അടുത്ത സുഹൃത്തും സ്റ്റാർ മാജിക് താരവും എല്ലാമായ വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടെന്ന വാർത്തയാണ് ഏതാനും നിമിഷങ്ങൾക്കു മുന്നേ എത്തിയിരിക്കുന്നത്. പരിപാടി അവതരിപ്പിച്ചു തിരികെ വീട്ടിലേക്ക് പോകുമ്പോൾ വിതുരക്ക് സമീപം തങ്കച്ചൻ സഞ്ചരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. താരത്തെ അതിവേഗം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന് നിരവധി ആരാധകരാണുള്ളത്. രണ്ടു മാസം മുന്നേ പ്രോഗ്രാം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സ്റ്റാർ മാജിക് താരങ്ങളായ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതും കൊല്ലം സുധി മരണമടഞ്ഞതും. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗം നൽകിയ വേദന മാറും മുന്നേയാണ് വിതുര തങ്കച്ചന് സംഭവിച്ച അപകട വാർത്തയും എത്തിയിരിക്കുന്നത്.
മലയാള ടെലിവിഷൻ ആസ്വാദകരെ ചിരിയുടെ മാലപ്പടക്കം കൊണ്ട് ഏറെ ഞെട്ടിച്ച ഒരു താരമാണ് തങ്കച്ചൻ വിതുര. മിമിക്രി വേദികളിലൂടെയും തുടർന്ന് ഗാനങ്ങളിലൂടെയും എല്ലാം തന്നെ ഈ കലാകാരനെ ആരാധകർക്ക് പരിചിതമാണ്. താരത്തിന്റെ ശ്രദ്ധേയമായ മറിയേടമ്മേടെ ആട്ടിൻകുട്ടി എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴും അവിവാഹിതനായ തങ്കച്ചന്റെ വിവാഹക്കാര്യം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
തിരുവനന്തപുരം പൊന്മുടി റൂട്ടിലെ വിതുരയാണ് തങ്കച്ചന്റെ ജന്മദേശം. അച്ഛനും അമ്മയ്ക്കും തങ്കച്ചൻ ഉൾപ്പെടെ ഏഴുമക്കളായിരുന്നു. അച്ഛൻ കൂലിപ്പണിക്കാരനാണ്. ചെറു പ്രായത്തിൽ തന്നെ പാട്ടിനോടും മിമിക്രിയോടും ഡാൻസിനോടും എല്ലാം തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്ന തങ്കച്ചൻ തന്റെ അമ്മാവന്റെ മകനുമൊത്തായിരുന്നു ആദ്യമായി ഒരു മ്യൂസിക് ട്രൂപ്പ് ആരംഭിച്ചത്. മിസ്റ്റർ ഓർക്കസ്ട്ര എന്നായിരുന്നു അതിന്റെ പേര്. എന്നാൽ ട്രൂപ്പിൽ നാലഞ്ച് പരിപാടികൾ ചെയ്തതോടെ അത് അവസാനിപ്പിക്കേണ്ടി വന്നു. തുടർന്നാണ് തിരുവനന്തപുരത്തെ മറ്റു സമിതികളുടെ ഭാഗമായി പ്രൊഫഷനൽ രംഗത്ത് നിറസാന്നിധ്യമായത്.
ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാർസിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റായി എത്തിയ തങ്കച്ചന്റെ കഴിവ് ആളുകൾ തിരിച്ചറിഞ്ഞത് പെട്ടെന്നാണ്. തുടർന്ന് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവൽ, ടമാർ പടാർ എന്നിവയിലൂടെ താരം ഏറെ ശ്രദ്ധ നേടി. സ്റ്റാർ മാജിക് ആണ് വിതുര തങ്കച്ചനെ മലയാളികൾക്ക് പ്രിയങ്കരനാക്കിയത്. ലൈഫ് ഓഫ് ജോസൂട്ടി, ദൃശ്യം, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ തങ്കച്ചൻ വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിൽ കൂടിയും ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ തങ്കച്ചന് ഭാഗ്യം സിദ്ധിച്ചു. തുടർന്ന് മമ്മൂക്ക വഴി സിനിമ മേഖലയിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. മെഗാസ്റ്റാറിന്റെ പരോൾ എന്ന ചിത്രത്തിലും താരത്തിന് ഭാഗമാകാൻ സാധിക്കുകയും ചെയ്തു.


