പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍.
സജീര്‍, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ പാലോടിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ കയറി മോഷണം നടത്തുകയായിരുന്നു.
മദ്യം മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിയുന്നത് കണ്ട മോഷ്ടാക്കള്‍ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു.
ഔട്ട് ലെറ്റില്‍നിന്നും വിലകൂടി മദ്യം ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
സ്ഥാപനം തുറക്കാൻ മാനേജർ എത്തിയപ്പോഴാണ് ഷ്ട്ടറിൻ്റെ പൂട്ട് തകർത്ത നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയതായി ജീവനക്കാർ മൊഴി നല്‍കിയിരുന്നു. മദ്യ കുപ്പികള്‍ വലിച്ച് വാരി വിതറിയ നിലയില്‍ ആയിരുന്നു.മദ്യം നിലത്ത് ഒഴിച്ച് കളഞ്ഞിട്ടുള്ളതായും ജീവനക്കാർ പറഞ്ഞിരുന്നു. സ്ഥാപനത്തിലെ കമ്ബ്യൂട്ടർ ഉള്‍പ്പടെ ഉപകരണങ്ങളുടെ കേബിളുകള്‍ എല്ലാം ഊരി ഇട്ട നിലയിലായിരുന്നു. പാലോട് പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. വിരല്‍ അടയാള വിദഗ്ധർ ഉള്‍പ്പടെയുള്ളവർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.