തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവം വൻ വിവാദമായിരിക്കുകയാണ്. പിന്നാലെ വിജയിച്ച സ്ഥാനാർത്ഥി ശ്രീക്കൂട്ടന് പിന്തുണയുമായി എത്തുകയാണ് നിരവധിയാളുകൾ. ഇപ്പോളിതാ ഇടതുപക്ഷ അനുഭാവിയും എഴുത്തുകാരിയും കേരള വർമ കോളേജിലെ മുൻ അധ്യാപികയുമായിരുന്ന ദീപ നിശാന്തും ശ്രീക്കുട്ടന് പിന്തുണയുമായെത്തി. ഇത് ദീപ നിശാന്തിന്റെ നിലപാടുകളിലെ മാറ്റമാണോയെന്ന ചർച്ചകളാണിപ്പോൾ നടക്കുന്നത്. കമ്യൂണിസ്റ്റ് രാഷ്ട്രീയം ദീപ നിശാന്ത് ഉപേക്ഷിക്കുകയാണോയെന്ന സംശയം ഉന്നയിക്കുന്നവരുമുണ്ട്. ശ്രീക്കുട്ടനെ ഇടയ്ക്ക് കാണാറുണ്ട്. ക്ലാസ്സിൽ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാർത്ഥി എന്ന നിലയിൽ ശ്രീക്കുട്ടനോട് സ്നേഹമുണ്ട്. ബഹുമാനമുണ്ട് എന്നാണ് ദീപ നിശാന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം
അച്ഛൻ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരിൽ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല. കഴിഞ്ഞ ദിവസം നടന്ന കേരളവർമ്മ കോളേജ് യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അനാവശ്യമായി പല ആരോപണങ്ങളും തീർത്തും വ്യക്തിഹത്യാപരമായ പരാമർശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്.
ഞാനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളേജിലല്ല. 2 വർഷമായി മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ട്. കേരളവർമ്മയിലെ നിലവിലെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല. അവസാനവർഷക്കാരിൽ കുറച്ചുപേരെ മാത്രം അറിയാം.അവരിൽ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാൾ ശ്രീക്കുട്ടനാണ്. ഇടയ്ക്ക് കാണാറുണ്ട്. ക്ലാസ്സിൽ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാർത്ഥി എന്ന നിലയിൽ ശ്രീക്കുട്ടനോട് സ്നേഹമുണ്ട്.ബഹുമാനമുണ്ട്.
കേരളത്തിൽ ഏറ്റവുമധികം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മുൻനിരയിലാണ് കേരളവർമ്മ കോളേജിന്റെ സ്ഥാനം.1952 ൽ, തൃശ്ശൂരിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത കോളേജ് കാഴ്ചശക്തിയില്ലെന്ന കാരണം കൊണ്ട് തിരസ്കരിച്ച വാസു എന്ന വിദ്യാർത്ഥിയെ ഹൃദയപൂർവ്വം സ്വീകരിച്ചു കൊണ്ട് തുടങ്ങിയ കേരളവർമ്മയുടെ ആ മഹാപരമ്പരയിൽ ഇപ്പോൾ ആറായിരത്തോളം പേരുണ്ട്.
ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ശ്രീക്കുട്ടൻ വിജയിച്ചു എന്ന വാർത്ത കേട്ടത് ഭിന്നശേഷി വിദ്യാർത്ഥികളുടെ അലുമ്നി ഗ്രൂപ്പിലാണ്. അപ്പോൾത്തന്നെ ശ്രീക്കുട്ടനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. പിന്നീട് ആ വാർത്ത സംബന്ധിച്ച തർക്കങ്ങൾ കണ്ടു.ചർച്ചകൾ അധികം പിന്തുടർന്നില്ല. കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നും പുറത്തേക്ക് വിടുന്ന മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയവ്യക്തിഹത്യകൾക്ക് അതേ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടർചർച്ചകളും ഏതെങ്കിലും തരത്തിൽ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നു. ശ്രീക്കുട്ടനോട് അന്നുമിന്നും സ്നേഹമുണ്ട്. വ്യക്തിഹത്യ ഇന്ധനമാക്കി മുന്നോട്ടു നീങ്ങുന്ന മനുഷ്യരോട് അതുപോലെ തന്നെ സഹതാപവും.
അതേ സമയം കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംങ്ങിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തുന്നു. കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ നിരാഹാരം കളക്ട്രേറ്റിന് മുന്നില്‍ തുടരുകയാണ്.