എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി ചിതറ എസ് എൻ എച്ച് എസ് ലെ അൻപതിൽപരം എൻ എസ് എസ് വോളണ്ടിയേഴ്സും അധ്യാപകരും പൊതുപ്രവർത്തകരും പോട്ടെമാവ് ട്രൈബൽ എക്സ്റ്റൻഷൻ സെന്ററിലെ 93 കുടുംബങ്ങളിലെ നിവാസികളോടൊപ്പം സ്നേഹസംഗമം നടത്തി. സംഗമം പ്രശസ്ത ചിത്രകാരനും മുൻ കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറിയുമായ ടി എ സത്യപാൽ ഉദ്ഘാടനം ചെയ്തു.
കലാസാംസ്കാരിക വിനിമയത്തിലൂടെ പരസ്പരികത വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള സൃഷ്ടിപരമായ സാമൂഹിക ഇടപെടലുകളാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ആദിവാസി ജനവിഭാഗങ്ങളുടെ സാംസ്കാരിക തനിമ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഗോത്ര കലാരൂപങ്ങൾ സംയുക്ത കളിമൺ ശില്പ നിർമ്മാണം, നാടൻ പാട്ടുകൾ, എന്നിവ അവതരിപ്പിച്ചു. ശംഖോലി ഗോത്ര സംഘം അവതരിപ്പിച്ച ഗോത്ര കലാരൂപം കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.
ഗോത്ര നിവാസികളോടൊപ്പം ചേർന്ന് നടത്തിയ സംഘഭോജനം ഏറെ ഹൃദ്യമായ ഒരനുഭവമായി. ഗോത്ര ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. ആദിവാസി ജനവിഭാഗങ്ങളുടെ ശാക്തീകരണ ഇടപെടലുകൾക്ക് പ്രാമുഖ്യം നൽകുന്ന ഒരു സ്കൂൾ തുടർ പദ്ധതി എന്ന നിലയിലാണ് ഈ പരിപാടി സംഘടിക്കപ്പെട്ടത്.
ഗോത്രം മൂപ്പൻ നാരായണ കാളിയെ പൊന്നാടയും തലപ്പാവും അണിയിച്ച് ചടങ്ങിൽ ആദരിച്ചു. പെരിങ്ങമ്മല പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് ഷിനു മടത്തറ,എസ് എൻ ഡി പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, വാർഡ് മെമ്പർ എം ജി ജയ്സിംഗ്, എൻ എസ് എസ് ജില്ലാ കോ കൺവീനർ അഭിലാഷ് എസ്, ക്ലസ്റ്റർ കൺവീനർ സജി പി എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ കെ ടി സാബു, സ്റ്റാഫ് സെക്രട്ടറി പ്രസീദ് എസ് വി, ബിനു പി ബി, പ്രിജി ഗോപിനാഥ്, ഒ ജെ ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.