തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകന്റെ നിർണായകമൊഴി. അച്ഛൻ ശിവരാജൻ എല്ലാവർക്കും ഗുളിക നൽകിയതായി മകന്റെ മൊഴി. വിറ്റാമിൻ ഗുളിക എന്നു പറഞ്ഞാണ് അച്ഛൻ എല്ലാവര്ക്കും കഴിക്കാൻ ഗുളിക നൽകിയത്. അതേസമയം, കുടുംബത്തിന് 40 ലക്ഷത്തോളം കടം ഉള്ളതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് ഇവർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണകാരണം വ്യക്തമാകുകയുള്ളൂ. ശിവരാജൻ ഭക്ഷണത്തിൽ വിഷം കലർത്തി നല്കിയെന്നായിരുന്നു പ്രാഥമിക നിഗമനം.ജ്വല്ലറി ഉടമയാണ് മരിച്ച ശിവരാജൻ.
ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല. തുടര്‍ന്ന് കൊച്ചുമകന്‍ അര്‍ജുനെ വിളിച്ചു. ശാരീരിക അസ്വസ്ഥകളോടെ പുറത്തു വന്ന അര്‍ജുനാണ് വിഴിഞ്ഞം പൊലീസില്‍ വിളിച്ച് തങ്ങള്‍ വിഷം കഴിച്ച വിവരം അറിയിച്ചത്.
പൊലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും ശിവരാജന്റേയും അഭിരാമിയുടേയും മരണം സ്ഥിരീകരിച്ചിരുന്നു.