പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി രൂപം നൽകിയ സപ്ലൈകോയെ സംരക്ഷിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ ഭാഗത്ത് നിന്ന് സ്വീകരിക്കുന്നില്ലെന്ന് എഐടിയുസി സംസ്ഥാന പ്രസിഡൻറ് സഖാവ് ടി ജെ ആഞ്ചലോസ് കുറ്റപ്പെടുത്തി.
സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ AITUC സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും, ധർണയും, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാപ്രളയത്തിലും, കോവിഡ് മഹാമാരിയിലും, കേരളത്തിന് തുണയായത് സപ്ലൈകോ ആയിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈ കോയിൽ വില്പനയില്ല. തന്മൂലം സപ്ലൈ കോയിൽ ജോലിചെയ്യുന്ന 7000ത്തിലധികം തൊഴിലാളികൾ പട്ടിണിയിലായി. മാസങ്ങളായി ഈ അവസ്ഥ തുടർന്നിട്ടും പ്രതികരിക്കാത്ത സർക്കാർ നിലപാട് എൽഡിഎഫിന് ഭൂഷണമല്ല എന്ന് അദ്ദേഹം പറഞ്ഞു.
സപ്ലൈകോയെ സംരക്ഷിക്കുക, തൊഴിലാളികളുടെ തൊഴിലും കൂലിയും, സംരക്ഷിക്കുക, വിലക്കയറ്റ കെടുതിയിൽ നിന്നും, ജനങ്ങളെ രക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും, ധർണയും നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി സഖാവ് പി എ ജിറാർ സ്വാഗതം പറഞ്ഞ ധർണ്ണ സമരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു. ധർണ്ണയെ അഭിവാദ്യം ചെയ്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് കമല സദാനന്ദൻ, എഐടിയുസി സംസ്ഥാന നേതാക്കളായ സഖാക്കൾ _ താവം ബാലകൃഷ്ണൻ, കെ പി ശങ്കരദാസ്, പി കെ മൂർത്തി, കെ മല്ലിക, പി സുബ്രഹ്മണ്യൻ, ആർ സജിലാൽ, കൊല്ലം ജില്ലാ ഭാരവാഹികളായ സഖാക്കൾ രശ്മി കുമാർ, സുഗതൻ, സോണി, സജീവ് കുമാർ, അഭിലാഷ്, രാജി ,സേതുഭായ്, എന്നിവർ സംസാരിക്കുകയും പ്രകാശൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ സഖാവ് രശ്മി കുമാർ, സുഗതൻ, സോണി, സജീവ് കുമാർ, അഭിലാഷ്, രാജി , സിന്ധു, സേതുഭായ് , ഉല്ലാസ് എന്നിവർ നേതൃത്വം നൽകി.